Connect with us

Kerala

പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനു എബ്രഹാമിന്

Published

|

Last Updated

തിരുവനന്തപുരം | കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ എം ബഷീര്‍ സ്‌മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് സബ് എഡിറ്റര്‍ അനു എബ്രഹാമിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച “കടക്കെണിയില്‍ യുവ ഡോക്ടര്‍മാര്‍” എന്ന പരമ്പരയാണ് അനു എബ്രഹാമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ജേക്കബ് ജോര്‍ജ്, ജി ശേഖരന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാള പത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിച്ചിരുന്നത്. സമിതിക്ക് ലഭിച്ച 14 എന്‍ട്രികളില്‍ നിന്നാണ് അനു എബ്രഹാമിന്റെ പരമ്പര അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറില്‍ തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരദാനം നടത്തും.

അനു എബ്രഹാമിന്റെ ഈ പരമ്പരക്ക് 2019ലെ ലീലാ മേനോന്‍ മാധ്യമ അവാര്‍ഡ്, ഐ എം എം മാധ്യമ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 2010 മുതല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായ ഇദ്ദേഹത്തിന്റെ പാഠം പഠിക്കാത്ത ആരോഗ്യ കേരളമെന്ന വാര്‍ത്താ പരമ്പരക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 2019ലെ ദേശീയ മാധ്യമ പുരസ്‌കാരം, പാമ്പന്‍ മാധവന്‍ സ്മാരക പുരസ്‌കാരം, 2018ലെ കെ രാഘവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് തിരുവമ്പാടി തറപ്പില്‍ എബ്രഹാം മാനുവലിന്റയും ആനിയമ്മയുടെ മകനാണ്. ഭാര്യ: ഐഡ (അധ്യാപിക, സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൂടത്തായ് ). മക്കള്‍: അമന്‍, ആര്യന്‍.