Connect with us

Covid19

ജിമ്മുകളും യോഗാകേന്ദ്രങ്ങളും തുറക്കുന്നതിന് മാർഗനിർദേശമായി

Published

|

Last Updated

ന്യൂഡൽഹി| അൺലോക്ക് മൂന്നിന്റെ ഭാഗമായി രാജ്യത്ത് ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നതിനായുള്ള മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. ജിമ്മുകളിലേയും യോഗ കേന്ദ്രങ്ങളിലേയും ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി. സമയക്രമം പുനഃക്രമീകരിക്കണമെന്നാണ് പ്രധാന നിർദേശം. കണ്ടെയ്ൻമെന്റ് സോണുകളിലെ ജിമ്മുകളും യോഗാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. സ്പാ, സ്റ്റീം ബാത്ത്, നീന്തൽക്കുളങ്ങൾ എന്നിവയും തുറക്കില്ല.

മറ്റന്നാൾ മുതലാകും രാജ്യത്ത് ജിമ്മുകളും യോഗാ സെന്ററുകളും പ്രവർത്തനം ആരംഭിക്കുക. 65 വയസ്സിന് മുകളിലുള്ളവർ, രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ ജിമ്മുകളിലോ യോഗാ കേന്ദ്രങ്ങളിലോ പോകരുതെന്ന് മാർഗ നിർദേശത്തിൽ പറയുന്നു. അകത്തേക്കു കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും തിരക്ക് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കണം. ഓരോ ബാച്ചിനും ഇടയിൽ 15 മുതൽ 30 മിനുട്ട്  വരെയുള്ള ഇടവേള വേണം. ഈ സമയം അണുനശീകരണ, ശുദ്ധീകരണ പ്രവൃത്തികൾ നടത്തണം. 95 ശതമാനത്തിൽ താഴെ ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്.

വ്യക്തികൾ തമ്മിൽ ആറടിയെങ്കിലും അകലം പാലിക്കണം. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോൾ ശ്വസന പ്രശ്‌നം അനുഭവപ്പെടുന്നവർ മുഖമറ ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കുന്നതോ കൈകൾ കഴുകുന്നതോ നിർബന്ധമായും പാലിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

വ്യായാമം ചെയ്യുന്ന ഒരാൾക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തിൽ വേണം ക്രമീകരണം. ആറടി അകലത്തിൽ വേണം ഉപകരണങ്ങൾ സ്ഥാപിക്കാൻ. വേണ്ടിവന്നാൽ തുറസ്സായ സ്ഥലങ്ങളിൽ വ്യായാമം പ്രോത്സാഹിപ്പിക്കാവുന്നതാണ്. അകത്തു കയറാനും പുറത്തിറങ്ങാനും വ്യത്യസ്ത വാതിലുകൾ നല്ലതാണ്. ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ മാസം അവസാനം തന്നെ അൺലോക്കിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.