Covid19
കൊവിഡ് വ്യാപിക്കാന്‍ ഇടയാക്കിയത് അലംഭാവവും നിരുത്തരവാദിത്തവും: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കാന്‍ ഇടയാക്കിയത് ചില സ്ഥലങ്ങളിലുണ്ടായ അലംഭാവവും നിരുത്തരവാദപരമായ സമീപനങ്ങളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ജില്ലകളിലായി സജ്ജീകരിച്ച 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെത് നല്ല മാതൃകയാണെന്ന് പല ഘട്ടങ്ങളിലും രാജ്യവും ലോകവും എടുത്തു പറഞ്ഞിരുന്നു. സംസ്ഥാനത്തെ മികവുറ്റ ആരോഗ്യ സംവിധാനങ്ങളിലൂടെയാണ് ഇതു സാധിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയും ലഭിച്ചു.
എന്നാല്‍, കുറച്ചുനാള്‍ പിന്നിട്ടപ്പോള്‍ ചിലരുടെയെല്ലാം ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായി. അതാണ് രോഗം പടരാന്‍ ഇടയാക്കിയത്. ക്വാറന്റൈനില്‍ കഴിയുന്നവരും കഴിയേണ്ടവരും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് കഴിയണമെന്നുള്ളതാണ് മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനം. ശാരീരിക അകലം പാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയുമരുത്.
വിട്ടുവീഴ്ചയും അലംഭാവവും പല സ്ഥലങ്ങളിലുമുണ്ടായി. ഉത്തരവാദികളായവര്‍ ഓരോരുത്തരും അത് ഓര്‍ക്കണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരേ മനസ്സോടെ നീങ്ങണം. കര്‍ക്കശ നിലപാടുകളിലൂടെ മഹാമാരിയെ പിടിച്ചുകെട്ടണം. മുഖ്യമന്ത്രി പറഞ്ഞു.