Connect with us

Covid19

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 13 പേര്‍; മരണ നിരക്ക് കുറഞ്ഞതായി കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 13 കൊവിഡ് മരണം. ഇതോടെ, വൈറസ് ബാധിച്ച് മരിക്കുന്നവരുടെ ആകെ എണ്ണം 4,004 ആയി. ഡല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യ ബുള്ളറ്റിനിലാണ് കണക്ക് വെളിപ്പെടുത്തിയത്. ഇതു പ്രകാരം 1,37,677 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,23,317 പേരുടെ രോഗം ഭേദമായി. രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം ആയിരത്തിന് താഴേക്ക് വന്നിട്ടുണ്ടെന്നും മരണം 15ല്‍ കുറഞ്ഞതായും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഈ ട്രെന്‍ഡ് തുടരാന്‍ എല്ലാവരും കഠിനമായി പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 961 ആണ് ഏറ്റവുമവസാനത്തെ പ്രതിദിന രോഗബാധയുടെ കണക്കെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

മാര്‍ച്ച് 13നാണ് ഡല്‍ഹിയില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചത്. 29 ദിവസം കൊണ്ട് അത് ആയിരത്തിലെത്തി. അടുത്ത ആയിരം മരണങ്ങള്‍ എട്ടു ദിവസം കൊണ്ടാണ് ഉണ്ടായത്. 15 ദിവസത്തിനകം വീണ്ടും ആയിരം മരണം കൂടി സംഭവിച്ചു. ഏറ്റവുമവസാനത്തെ ആയിരം മരണമുണ്ടായത് 29 ദിവസം കൊണ്ടും. 24 മണിക്കൂറിനുള്ളിലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജൂണ്‍ 11നാണ്- 101.