Connect with us

Eranakulam

നാണയം വിഴുങ്ങി മൂന്നു വയസ്സുകാരന്റെ മരണം: വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

Published

|

Last Updated

ആലുവ | ആലുവയിലെ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍. ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്ന് അധികൃതര്‍ പറയുന്നു. ആമാശയത്തിലാണ് നാണയം കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന എക്‌സ്‌റേ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
കുട്ടിക്ക് ശ്വാസ തടസ്സം പോലുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ നിലക്ക് ഇത്തരം കേസുകളില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ നാണയം പുറത്തേക്ക് വരേണ്ടതാണ്.

കൊവിഡ് സാഹചര്യമായതിനാല്‍ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുക സാധ്യമല്ലായിരുന്നുവെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിക്കുന്നു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു. അതിനിടെ, ശിശുരോഗ വിഭാഗത്തോട് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി.

ആലുവ കടങ്ങല്ലൂരില്‍ രാജു-നന്ദിനി ദമ്പതികളുടെ മകന്‍
പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആദ്യം കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീടാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. ആശുപത്രി അധികൃതര്‍ ചികിത്സയില്‍ വീഴ്ച വരുത്തിയതായി കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിട്ടുണ്ട്.

Latest