Articles
ഒച്ചയുണ്ടാക്കരുത്; പ്രാര്‍ഥന നടക്കട്ടെ

ഇസ്താംബൂളിലെ അയാ സോഫിയയില്‍ എട്ടര പതിറ്റാണ്ടിന് ശേഷം ബാങ്കുവിളി ഉയര്‍ന്നതോടെ തുടങ്ങിയ വാദപ്രതിവാദം അടങ്ങിയിട്ടില്ല. തുര്‍ക്കിയോട് രാഷ്ട്രീയ ശത്രുതയുള്ള രാജ്യങ്ങള്‍ അയാ സോഫിയയെ മസ്ജിദാക്കിയതിനെ മുന്‍നിര്‍ത്തി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചുവിടുകയാണ്. എന്നാല്‍, തുര്‍ക്കിയുമായി സൗഹൃദം പുലര്‍ത്തുന്ന റഷ്യയടക്കമുള്ള രാജ്യങ്ങള്‍ ഇത് ആ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അവിടുത്തെ ജനങ്ങളുടെ ഇച്ഛയാണ് നടപ്പായതെന്നും നിലപാടെടുത്തു. അറബ് ലോകത്ത് നിന്ന് ഏകാഭിപ്രായം ഉയര്‍ന്നുവന്നിട്ടില്ല.
സത്യത്തില്‍ വലിയ ഒച്ചപ്പാടിന് സാധ്യതയില്ലാത്ത വിഷയമാണിത്. സുദീര്‍ഘമായ കാലം ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇടക്ക് ആറ് പതിറ്റാണ്ട് കാലം റോമന്‍ കാത്തലിക് കത്തീഡ്രല്‍, 900 വര്‍ഷത്തോളം നിസ്‌കാരം നടന്ന മസ്ജിദ്. പിന്നെ, മ്യൂസിയം. ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിലൂടെ കടന്നുവന്ന ഈ മനോഹര നിര്‍മിതി തുര്‍ക്കി നീതിന്യായ വിഭാഗത്തിന്റെ സാധുതയോടെ പള്ളിയായി വീണ്ടെടുത്തിരിക്കുന്നു. ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് അധികാര കേന്ദ്രമായിരുന്നപ്പോഴും കുരിശുയുദ്ധങ്ങളുടെയും ഓര്‍ത്തഡോക്‌സ്- റോമന്‍ കാത്തലിക് തര്‍ക്കങ്ങളുടെയും കാലത്ത് സൈനിക കേന്ദ്രമായിരുന്നപ്പോഴും അയാ സോഫിയ ആരാധനാ കേന്ദ്രമെന്ന പ്രതിനിധാനം കൈവിട്ടിരുന്നില്ല. മുസ്തഫാ കമാല്‍ അത്താതുര്‍ക്കിന്റെ റാഡിക്കല്‍ സെക്യുലറിസം ഉറഞ്ഞുതുള്ളിയപ്പോള്‍ മാത്രമാണ് അയാ സോഫിയയുടെ മതപരമായ സ്റ്റാറ്റസ് റദ്ദായിട്ടുള്ളത്. അതുകൊണ്ട് മസ്ജിദായി പുനരാവിഷ്‌കരിക്കപ്പെടുന്നതോടെ ഈ നിര്‍മിതി അതിന്റെ യഥാര്‍ഥ സ്വത്വത്തിലേക്ക് തിരിച്ചുപോകുകയാണ് ചെയ്തിരിക്കുന്നത്. അതില്‍ എല്ലാ വിശ്വാസികളും സന്തോഷിക്കും, സന്തോഷിക്കണം. മതചിഹ്നങ്ങളെ നിഷ്‌കാസനം ചെയ്യലാണ് മതേതരത്വമെന്ന മധ്യകാല പാശ്ചാത്യ ബോധത്തില്‍ കുടുങ്ങിയവര്‍ ഒച്ചവെക്കും. യൂറോപ്പിലും അമേരിക്കയിലും അതതിടങ്ങളിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ക്രിസ്ത്യന്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന തീവ്രവലതുപക്ഷ സംഘങ്ങളുടെ പതിപ്പ് ലോകത്തെമ്പാടുമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കടുത്ത വര്‍ഗീയ പ്രചാരണത്തിന് അയാ സോഫിയയെ ആയുധമാക്കുകയും ചെയ്യും.
സുല്‍ത്താന്‍ മെഹ്മദ് ഫാത്തിഹ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെയാണല്ലോ 1453ല്‍ അയാ സോഫിയ മസ്ജിദായി മാറുന്നത്. ഈ മാറ്റം തികച്ചും മതപരമായിരുന്നോ എന്നതാണ് ആദ്യത്തെ ചോദ്യം. ചരിത്രത്തെ ശരിയായി സമീപിക്കുന്ന ഏതൊരാള്‍ക്കും “അല്ല” എന്ന ഉത്തരം കിട്ടും. വലിയൊരളവോളം അത് രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. നൂറ്റാണ്ടുകളായി ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ ഭരണ കേന്ദ്രമായിരുന്നുവല്ലോ അയാ സോഫിയ. ഒടുവില്‍ സുല്‍ത്താന്‍ അധികാരം പിടിച്ച യുദ്ധത്തിലും കോണ്‍സ്റ്റാന്റൈന്‍ ചക്രവര്‍ത്തി അയാ സോഫിയയിലിരുന്നാണ് സൈനിക തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. അവസാന പ്രതിരോധത്തിനായി തമ്പടിച്ചതും അവിടെയാണ്. പോരാട്ട വിജയം നേടിയ ഫാത്തിഹിന് മുമ്പില്‍ അയാ സോഫിയ ഒരു കത്തീഡ്രല്‍ മാത്രമായിരുന്നില്ല. വിജയ പ്രതീകമായിരുന്നു. സ്വന്തം അധികാര പരിധിയിലായിക്കഴിഞ്ഞ ഇസ്താംബൂളിലെ മറ്റ് ആരാധാനാലയങ്ങളെയെല്ലാം അതിന്റെ പാട്ടിന് വിട്ട് അയാ സോഫിയ തന്റെ സ്വകാര്യ സ്വത്തായി സ്വന്തമാക്കിയത് അതുകൊണ്ടാണ്. സ്വകാര്യ സ്വത്തായി മാറിയ നിര്‍മിതിയെ അദ്ദേഹം വഖ്ഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, സമുച്ചയത്തിന്റെ നടുക്ക് താഴികക്കുടങ്ങള്‍ പണിതു.
അയാ സോഫിയയെ മ്യൂസിയമാക്കി മാറ്റിയ അത്താതുര്‍ക്കിന്റെ നടപടി മതേതരവും പുരോഗമന പരവുമായിരുന്നോ എന്നതാണ് അടുത്ത ചോദ്യം.
എന്താണ് മതേതരത്വം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. മനുഷ്യ ജീവിതത്തിന്റെ സര്‍വ മേഖലയെയും ചര്‍ച്ച്, അഥവാ സഭ വരിഞ്ഞുമുറുക്കിയിരുന്ന കാലത്തോടുള്ള പ്രതികരണമായാണ് പാശ്ചാത്യ മതേതര സങ്കല്‍പ്പം ഉയര്‍ന്നുവന്നത്. ഭരണം, കല, സാഹിത്യം, ശാസ്ത്രം തുടങ്ങി സമസ്ത മേഖലയും ചര്‍ച്ചിന്റെ അധീനതയിലാക്കുകയും കെട്ടിനിര്‍ത്തിയ വെള്ളം പോലെ മനുഷ്യ ജീവിതം ദുഷിക്കുകയും ചെയ്തപ്പോള്‍ മതത്തെ അപ്പാടെ നിരാകരിക്കലാണ് പോംവഴിയെന്ന് ചിന്തകര്‍ കണ്ടെത്തി. സഭയുടെ മേധാവിത്വത്തെ രാഷ്ട്രം കൊണ്ട് നേരിട്ടു. അതോടെ മതവിശ്വാസം അധമവും മതനിരാസം പുരോഗമനപരവുമായി. ഈ അടിത്തറയിലാണ് പാശ്ചാത്യ മതേതരത്വം പടുത്തുയര്‍ത്തിയത്. എന്നാല്‍, ഇന്ത്യയടങ്ങുന്ന പൗരസ്ത്യ ദേശത്ത് മതേതരത്വം മതത്തെ നിരാകരിക്കലുമല്ല, ഉള്‍ക്കൊള്ളലാണ്. മതം സാമൂഹിക ജീവിതത്തില്‍ നിന്ന് പറിച്ചെറിയുകയല്ല, എല്ലാ മതങ്ങളും സഹവര്‍ത്തിക്കുകയാണ് വേണ്ടത്. അയാ സോഫിയയെ മ്യൂസിയമാക്കിയ അത്താതുര്‍ക്കിന്റെ നടപടി മതേതരമായിരുന്നുവെന്ന് പറയുമ്പോള്‍ മതപരമായ ആവിഷ്‌കാരം തീരെ പാടില്ലെന്ന പാശ്ചാത്യ ശാഠ്യത്തെയാണ് പിന്തുണക്കുന്നത്. ആ കാഴ്ചപ്പാട് മതവിരുദ്ധമാകുന്നതോടൊപ്പം മതേതരവിരുദ്ധവുമാണ്.
ഒന്നാം ലോകമഹായുദ്ധത്തില്‍ ഉസ്മാനിയ ഖിലാഫത്ത് തകരുകയും എം കെ അത്താതുര്‍ക്ക് അധികാരത്തില്‍ വരികയും ചെയ്തതോടെ പാശ്ചാത്യവത്കരണം ഭ്രാന്തമായ വേഗം കൈവരിച്ചു.
മഹാഭൂരിപക്ഷം പേരും മതവിശ്വാസികളായ ഒരു രാജ്യത്ത് മതത്തിന്റെ സര്‍വ ചിഹ്നങ്ങള്‍ക്ക് നേരെയും കര്‍സേവ നടത്തുകയാണ് “തുര്‍ക്കിയുടെ പിതാവെന്ന” വിശേഷണം പേറി മുസ്തഫാ കമാല്‍ ചെയ്തത്. ടര്‍ക്കിഷ് ഭാഷയുടെ ലിപി പോലും മാറ്റി. ബാങ്കുവിളികള്‍ മാറ്റി. ഖുതുബ പ്രാദേശിക ഭാഷയിലാക്കി. പള്ളികളുടെ തനതായ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പൊളിച്ചടക്കി. താടിയും തലപ്പാവും കുറ്റമായി. മതം ആചരിക്കുന്നവരെ മുഴുവന്‍ ദേശവിരുദ്ധരാക്കി മുദ്രകുത്തി. മഹത്തായ മതപാരമ്പര്യമുള്ള തുര്‍ക്കിയിലെ ജനങ്ങളോട് അദ്ദേഹം ചെയ്തത് എങ്ങനെയാണ് ജനാധിപത്യപരമാകുക. തന്റെ പാശ്ചാത്യ- രാഷ്ട്രീയ യുക്തി അക്രമോത്സുകമായി അടിച്ചേല്‍പ്പിക്കുകയല്ലേ അദ്ദേഹം ചെയ്തത്? അത് ഭരണകൂട ഭീകരതയല്ലേ? അതെങ്ങനെയാണ് ജനങ്ങളുടെ ഇച്ഛയാകുന്നത്? ആക്രമണം ഇസ്‌ലാമിനെതിരെയാകുമ്പോള്‍ മാത്രം പുരോഗമനപരമാകുന്നതെങ്ങനെയാണ്? അത്താതുര്‍ക്കിന്റെ ഏകാധിപത്യ പ്രവണതകളെ തള്ളിപ്പറയാന്‍ എന്തുകൊണ്ടാണ് ജനാധിപത്യവാദികള്‍ക്ക് സാധിക്കാത്തത്? ആരാധനാലയം മ്യൂസിയമാകുമ്പോള്‍ വിപ്ലവകരവും തിരിച്ച് ആരാധാനാലയമാകുമ്പോള്‍ അതിക്രമവും ആകുന്നതിന്റെ യുക്തിയെന്താണ്?
അയാ സോഫിയ പള്ളിയായതില്‍ സന്തോഷിക്കുന്നവര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നുവെന്നാണ് മറ്റൊരു വിചിത്ര വാദം. ഈ വാദം വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാനുള്ളത് മാത്രമാണ്. അയാ സോഫിയയുടെ കാര്യത്തില്‍ തുര്‍ക്കി നീതിന്യായ വിഭാഗം പരിഗണിച്ചത് പ്രധാനമായും രണ്ട് വസ്തുതകളാണ്. ഒന്ന്, പള്ളി വഖ്ഫ് സ്വത്തായിരുന്നു. രണ്ട്, ഇടമുറിയാതെ ആ കെട്ടിടം മസ്ജിദ് തന്നെയായിരുന്നു. അല്‍പ്പം വിശദീകരിക്കാം. സുല്‍ത്താന്‍ ഫാത്തിഹ് തന്റെ ഉടമസ്ഥയിലുള്ള നിര്‍മിതി വഖ്ഫ് ചെയ്തതിന്റെ രേഖ കോടതി പരിശോധിച്ചു. വഖ്ഫ് സ്വത്തിന്റെ സ്റ്റാറ്റസ് മാറ്റാന്‍ പാടില്ലെന്ന തത്വം അത്താതുര്‍ക്ക് ഭരണകൂടം ലംഘിച്ചുവെന്ന് കണ്ടെത്തുകയും ചെയ്തു. ഒരു സ്വകാര്യ സ്വത്ത് പൊതുസ്വത്താക്കി മാറ്റുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളും ലംഘിക്കപ്പെട്ടു. തുര്‍ക്കി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 74 (ഭേദഗതിക്ക് ശേഷം ആര്‍ട്ടിക്കിള്‍ 35) പ്രകാരം ഒരു സ്വകാര്യ സ്വത്ത് ഭരണകൂടത്തിന് കൈയാളണമെങ്കില്‍ ഒന്നുകില്‍ പൊതുതാത്പര്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, മതിയായ വില കൊടുക്കണം.
മ്യൂസിയമാക്കാനുള്ള പൊതുസമ്മതി അത്താതുര്‍ക്ക് തേടിയിട്ടില്ല. ഫാത്തിഹ് ഫൗണ്ടേഷന് നഷ്ടപരിഹാരം നല്‍കിയിട്ടുമില്ല. ഇടതടവില്ലാത്ത ഉടമസ്ഥതയും കോടതി പരിഗണിച്ചു. ദീര്‍ഘകാലം ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആയിരുന്നെങ്കിലും 1204 മുതല്‍ 1261 വരെ അത് റോമന്‍ കാത്തലിക് കത്തീഡ്രല്‍ ആയിരുന്നു. നാലാം കുരിശുയുദ്ധത്തില്‍ ആര്‍ സിക്കാര്‍ അയാ സോഫിയ സ്വന്തമാക്കുകയായിരുന്നു. ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ഉടമസ്ഥതാ തര്‍ക്കം നിലനിന്നിരുന്നുവെന്നര്‍ഥം. എന്നാല്‍, മസ്ജിദിന്റെ കാര്യത്തില്‍ ഇത്തരം ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല. “അണ്‍ ഇന്ററപ്റ്റഡ് പൊസഷന്‍” ആണുള്ളത്.
തീര്‍ച്ചയായും തുര്‍ക്കിയുടെ സാമൂഹിക ജീവതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കോടതിയെ സ്വാധീനിച്ചിട്ടുണ്ടാകാം. അടിയുറച്ച മതവിശ്വാസിയായ ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ തുര്‍ക്കി ജനത അതിവേഗം ഇസ്‌ലാമിക സ്വത്വബോധത്തിലേക്ക് തിരിച്ചുനടക്കുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കാം. അയാ സോഫിയ പള്ളിയാകുന്നതുകൊണ്ട് തുര്‍ക്കിയുടെ ബഹുസ്വര പാരമ്പര്യത്തിന് ഒരു വിഘാതവും ഉണ്ടാകില്ലെന്നും കോടതിക്ക് ബോധ്യമുണ്ട്. ബാബരി വിധിയിലും പൊതുരാഷ്ട്രീയ, സാമൂഹിക സാഹചര്യം കോടതിയെ സ്വാധീനിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. വിധിയെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷം വേദനയോടെയാണെങ്കിലും അംഗീകരിക്കുകയാണ് ചെയ്തത്. വൈകാരിക പ്രതികരണങ്ങളൊന്നും ഉയര്‍ന്നില്ല. അതിനര്‍ഥം ഈ വിധിയില്‍ ഒരു ആക്ഷേപവുമില്ലെന്നല്ല. വിശ്വാസികള്‍ കൈക്കൊണ്ട സംയമനം ഈ വിധിയെ വിമര്‍ശിക്കാനും തുറന്ന് കാണിക്കാനുമുള്ള അവകാശം അടിയറവെച്ചുകൊണ്ടായിരുന്നില്ല. സുപ്രീം കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ തന്നെ ഉയര്‍ത്തിക്കാണിച്ചാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബഞ്ചിനെ വിമര്‍ശിച്ചത്. പള്ളി നില്‍ക്കുന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. 1949ല്‍ പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ചത് തെറ്റെന്നും വിധിയിലുണ്ട്. 1992ല്‍ മസ്ജിദ് പൊളിച്ചവര്‍ ശിക്ഷയര്‍ഹിക്കുന്നുവെന്നും വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അങ്ങനെയെങ്കില്‍ മസ്ജിദ് നിന്നിടത്ത് സര്‍ക്കാര്‍ മുന്‍കൈയില്‍ ക്ഷേത്രം പണിയാന്‍ ഉത്തരവിടുന്നതിലെ സാംഗത്യമെന്ത് എന്ന് ചോദിക്കേണ്ടതല്ലേ? ആ ചോദ്യം ചോദിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം അയാ സോഫിയയോടെ റദ്ദാകുമെന്ന് പറയുന്നത് എമ്മാതിരി വിഡ്ഢിത്തമാണ്. പള്ളിയെന്ന നിലയില്‍ അണ്‍ ഇന്ററപ്റ്റഡ് പൊസഷന്‍ ഉണ്ടായില്ല എന്നത് മാത്രമാണ് സുന്നി വഖ്ഫ് ബോര്‍ഡിന്റെ വാദം നിലനില്‍ക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ കോടതി ഉപയോഗിച്ചത്. ശരിയാണത്. നിരവധി സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ 1860ല്‍ പള്ളി കോന്പൗണ്ടിനകത്ത് പൂജ അനുവദിക്കേണ്ടി വന്നിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുഭരിക്കല്‍ നയത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ജി വി പന്തിന്റെ രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമായി 1949ല്‍ പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിക്കപ്പെട്ടു. പള്ളി അടച്ചിടേണ്ടി വന്നു. പിന്നെ പൂജക്ക് തുറന്ന് കൊടുത്തു. ഒടുവില്‍ പൊളിച്ചുനീക്കി. എല്ലാം നടന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഒത്താശയില്‍. അയാ സോഫിയയുടെ കാര്യത്തില്‍ ഇത് വല്ലതും ഉണ്ടായിട്ടുണ്ടോ? നിയമപരമായി, അയാ സോഫിയയില്‍ ഉടമസ്ഥതാ തര്‍ക്കം ഉണ്ടായിട്ടേയില്ല. ഒരു പരമാധികാരി കത്തീഡ്രലായി കൈവശം വെച്ചു, മറ്റൊരു പരമാധികാരി സ്വന്തമാക്കുകയും വഖ്ഫ് ചെയ്യുകയും ചെയ്തു. അത്തരമൊരു നിര്‍മിതിയെ റിപ്പബ്ലിക്കിന്റെ മേധാവിക്ക് മ്യൂസിയമാക്കാന്‍ അധികാരമുണ്ടോ എന്നാണ് തുര്‍ക്കി കോടതി പരിശോധിച്ചത്. അവിടെ ചരിത്ര വസ്തുതകളും രേഖകളുമാണ് വിധിക്ക് ആധാരം. ഇവിടെ മിത്തുകളും വിശ്വാസവും ആഗ്രഹങ്ങളുമാണ് വിധിയിലേക്ക് നയിച്ചത്. അതുകൊണ്ട് അയാ സോഫിയയില്‍ സന്തോഷിക്കുന്ന മതവിശ്വാസികള്‍ക്ക് ബാബരി മസ്ജിദില്‍ ദുഃഖിക്കാനുമാകും.
അയാ സോഫിയ വിഷയത്തില്‍ തുര്‍ക്കിയെ വിമര്‍ശിക്കുന്ന മറ്റൊരു കൂട്ടര്‍ വഹാബിസത്തിന്റെ വക്താക്കളാണ്. അവര്‍ അത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇസ്‌ലാമിക ശേഷിപ്പുകള്‍ മുഴുവന്‍ തുടച്ചുമാറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ട അവരുടെ ആശയഗതിയാണല്ലോ മറ്റൊരു രീതിയില്‍ അത്താതുര്‍ക്ക് നടപ്പാക്കിയത്. സൂഫി കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ അത്താതുര്‍ക്കിന്റെ മ്യൂസിയത്തോടായിരിക്കും മെഹ്്മദ് ഫാത്തിഹിന്റെ പള്ളിയേക്കാള്‍ സലഫികള്‍ക്ക് പ്രിയം. മാത്രവുമല്ല, തുര്‍ക്കിയെന്ന് കേള്‍ക്കുമ്പോഴേക്കും ഒരുപാട് ഓര്‍മകള്‍ അവരെ വേട്ടയാടും. പാശ്ചാത്യര്‍ക്കൊപ്പം ചേര്‍ന്ന് ഉസ്മാനിയാ ഖിലാഫത്ത് തകര്‍ക്കുന്നതിനും അറബ് മേഖലയെ ശിഥിലീകരിക്കുന്നതിനും ആശയ അടിത്തറയൊരുക്കിയത് വഹാബിസമായിരുന്നുവല്ലോ.
ഇനി കണക്കിലെടുക്കേണ്ടത് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ചില തീവ്ര ചിന്താഗതിക്കാര്‍ അഴിച്ചുവിടുന്ന വര്‍ഗീയ പ്രചാരണങ്ങളെയാണ്. ക്രൈസ്തവരില്‍ വലതുപക്ഷ തീവ്രവാദം കുത്തിവെക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയില്‍ സവിശേഷമായ രാഷ്ട്രീയ ലക്ഷ്യവും ഇതിനുണ്ട്. ഇവിടെ ക്രൈസ്തവര്‍ അരക്ഷിതരാണെന്നും സംഘ് പരിവാറിനോട് ചേരുക മാത്രമാണ് പോംവഴിയെന്നും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. മസ്ജിദിനെ മ്യൂസിയമാക്കിയപ്പോള്‍ അപലപിക്കാത്തവര്‍ക്ക് ഇപ്പോള്‍ രോഷം കൊള്ളാൻ എന്താണവകാശം. അത്താതുർക്ക് ചരിത്രത്തിലേക്ക് പിന്‍നടന്ന് “തെറ്റു തിരുത്തുക”യല്ലല്ലോ ചെയ്തത്. പള്ളിയാകുന്നതിലേ പ്രശ്‌നമുള്ളൂ എന്നാണോ? അയാ സോഫിയയുടെ പേരില്‍ നുണകള്‍ പടിച്ചുവിടുന്നവര്‍ കൊര്‍ദോവയിലെ മോസ്‌ക്ക്- കത്തീഡ്രലില്‍ മുസ്‌ലിംകള്‍ക്ക് നിസ്‌കാരത്തിന് ഇത്തിരി ഇടം അനുവദിക്കണമെന്ന് വാദിക്കാത്തതെന്താണ്?
ചരിത്രത്തിലെ പടയോട്ടങ്ങളെയും പലായനങ്ങളെയും വര്‍ഗീയമായി വ്യാഖ്യാനിച്ച് മതവിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ക്രിസ്ത്യന്‍ സമൂഹത്തിലെ മിതവാദികള്‍ രംഗത്തുവരേണ്ടതാണ്. ഈ വംശീയ പ്രചാരണങ്ങളെ മുസ്്ലിംകള്‍ ഗൗരവപൂര്‍വം കാണേണ്ടിയിരിക്കുന്നു. ഇത്തരം വിദ്വേഷ വ്യാപാരികള്‍ക്ക് കച്ചവടം കൂട്ടുന്ന ഒരു അവകാശവാദത്തിനും അമിതാവേശത്തിനും വിശ്വാസികള്‍ പോകാന്‍ പാടില്ല. ഇസ്‌ലാമിന്റെ മധ്യമ നിലപാടില്‍ അടിയുറച്ച് നില്‍ക്കുകയാണ് മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ ചേയ്യേണ്ടത്. വഖ്ഫ് സ്വത്ത് തിരിച്ചു പിടിച്ചതില്‍ ആശ്വസിക്കുകയും ആനന്ദിക്കുകയുമാകാം. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ മുഴുവന്‍ സാമ്രാജ്യത്വ കുതന്ത്രത്തില്‍ ശിഥിലമാകുമ്പോള്‍ തുര്‍ക്കി കെട്ടുറപ്പോടെ നില്‍ക്കുന്നുവെന്നതില്‍ അഭിമാനിക്കാം. അതിലപ്പുറം ഉര്‍ദുഗാന്‍ എന്ന ഭരണാധികാരിയെ അമിതമായി മഹത്വവത്കരിക്കേണ്ടതില്ല.
അദ്ദേഹത്തിന്റെ എല്ലാ രാഷ്ട്രീയ നയങ്ങളെയും പിന്തുണക്കേണ്ട കാര്യവുമില്ല. വിദേശ, സൈനിക നയം സമ്പൂര്‍ണ ശരിയാണെന്ന് വാദിക്കേണ്ടതും ഇല്ല. നല്ല സൈന്യാധിപന്‍, നല്ല സൈന്യം എന്ന പ്രവചനം ഇതാ തുര്‍ക്കിയില്‍ പുലര്‍ന്നിരിക്കുന്നുവെന്ന് ഉദ്‌ഘോഷിക്കേണ്ടതില്ല. പരമ്പരാഗത ധാരയില്‍ അടിയുറച്ച് നില്‍ക്കുന്ന ഉര്‍ദുഗാനെ സ്വന്തമാക്കാന്‍ വ്യഗ്രത കൂട്ടുന്ന മൗദൂദിസ്റ്റുകള്‍ക്ക് അദ്ദേഹത്തെ മഹത്വവത്കരണത്തിന്റെ ഹൈവോള്‍ട്ടില്‍ നിര്‍ത്തേണ്ടതുണ്ട്. വാരിയംകുന്നത്ത് ഹാജിയുടെ കാര്യത്തില്‍ അതാണല്ലോ അവര്‍ ചെയ്യുന്നത്. ഹാജി ഏറനാട്ടില്‍ സ്ഥാപിച്ചത് ഇസ്‌ലാമിക ഖിലാഫത്താണെന്ന് തട്ടിവിടുന്നു ഇക്കൂട്ടര്‍. ഈ കേവല മതരാഷ്ട്രവാദം ആരെയാണ് സഹായിക്കുക? പരമ്പരാഗത വിശ്വാസികള്‍ക്ക് അവരുടെ വഴിയുണ്ട്. അത് പ്രകോപനപരമല്ല. അതിവൈകാരികവുമല്ല.
മുസ്തഫ പി എറയ്ക്കൽ