Connect with us

Editorial

വിദ്യാഭ്യാസ നയം: പൊളിച്ചെഴുത്തിന്റെ കാണാപ്പുറങ്ങൾ

Published

|

Last Updated

കാലത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച മാറ്റം വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമാണെന്നത് അവിതര്‍ക്കിതമാണ്. 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയമാണ് രജ്യത്ത് നിലവിലുള്ളത്. 34 വര്‍ഷക്കാലത്തിനിടെ ലോകത്ത് വിപ്ലവകരമായ പലമാറ്റങ്ങളുമുണ്ടായി. അന്നത്തെ സാഹചര്യത്തില്‍ ഉണ്ടാക്കിയ സിലബസ് വെച്ചല്ല ഇന്ന് പഠിക്കേണ്ടത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ നയം പൊളിച്ചെഴുതാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം വിമര്‍ശിക്കപ്പെടാവതല്ല. എന്നാല്‍, സമഗ്രമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപവത്കരണത്തിനും ശേഷം രാജ്യം ഇന്നുവരെ സംരക്ഷിച്ച് വന്ന മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസൃതമായും വിദ്യാഭ്യാസ നയം പ്രായോഗിക തലത്തില്‍ നടപ്പാക്കേണ്ട സംസ്ഥാന സര്‍ക്കാറുകളെ വിശ്വാസത്തിലെടുത്തുമായിരിക്കണം മാറ്റങ്ങള്‍ നടപ്പാക്കേണ്ടത്

പാര്‍ലിമെന്റിനെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കുകയും അരുത്.
ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കൊറോണയുടെ മറവില്‍ മോദി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കിയത്. മുന്‍ ഐ എസ് ആര്‍ ഒ മേധാവി കൂടിയായിരുന്ന കെ കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ചതാണ് പുതിയ വിദ്യഭ്യാസ നയത്തിന്റെ കരട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കരട് രേഖ അഭിപ്രായ രൂപീകരണത്തിനായി പൊതുമധ്യത്തില്‍ വെച്ചിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും മുന്നോട്ടുവെച്ച അഭിപ്രായങ്ങള്‍ മാനിക്കാതെ, കരട് നയത്തില്‍ കാര്യമായ മാറ്റമില്ലാതെയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

കോത്താരി കമ്മീഷന്‍ മുന്നോട്ടുവെച്ചതും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ വിജയകരമായി നടപ്പാക്കി വരുന്നതുമായ പത്താം ക്ലാസ് വരെ പൊതുപഠനവും തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായുള്ള രണ്ട് വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പഠനവും എന്ന ഘടന മാറ്റി മൂന്ന് വര്‍ഷത്തെ അംഗൻവാടി, പ്രീ സ്‌കൂള്‍ പഠനവും 12 വര്‍ഷത്തെ സ്‌കൂള്‍ പഠനവും ചേര്‍ത്ത് 5+3+3+4 പാഠ്യരീതിയാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. തൊഴിലധിഷ്ഠിതവും അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ക്കും മാനവ വിഷയങ്ങള്‍ക്കും പ്രാധാന്യമില്ലാത്തതുമാണ് ഇത്. ആറാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിതമായ സ്‌കില്ലുകള്‍ നല്‍കുമെന്ന് നയത്തില്‍ പറയുന്നുണ്ട്. തൊഴിലിടങ്ങളില്‍ വിദ്യാർഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനും ഇത് ലക്ഷ്യമിടുന്നു. അതേസമയം, അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ക്കും മാനവ വിഷയങ്ങള്‍ക്കും കാര്യമായ പരിഗണനയില്ല. തൊഴില്‍ നൈപുണ്യം സൃഷ്ടിക്കുക എന്നതിലുപരി സമഗ്ര വ്യക്തിത്വത്തെ സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ മഹിതലക്ഷ്യം ഇതോടെ അട്ടിമറിക്കപ്പെടുന്നു. ചെറിയ ക്ലാസുകളില്‍ തന്നെ തൊഴില്‍ വിദ്യാഭ്യാസം നല്‍കുന്നതോടെ ഇവരില്‍ പലരും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്താതെ പോകുകയും വരേണ്യ വര്‍ഗത്തിന്റെ മാത്രം അവകാശമായി ഉന്നതവിദ്യാഭ്യാസം മാറുമെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു സമൂഹത്തില്‍ ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും.
ഫെഡറല്‍ സ്വഭാവമില്ലാതാക്കി എല്ലാം കേന്ദ്രീകൃതമാക്കുന്നുവെന്നതാണ് മറ്റൊരു ദോഷം. വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളും വിദ്യാഭ്യാസ രീതികളും വ്യത്യസ്തമാണ്. ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നത്. കേരളത്തിന് ഈ മേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചത് ഇതുകൊണ്ടാണ്. പുതിയ നയത്തിലെ അമിത കേന്ദ്രീകരണം വിദ്യാഭ്യാസ കാര്യത്തില്‍ ഇടപെടാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാക്കുകയും കേരളം പോലുള്ള സംസ്ഥാനങ്ങളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറലിസത്തിന്റെ നിരാകരണമാണിത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ ഇടപെടാന്‍ ഭരണഘടന അനുവാദം നല്‍കുന്ന കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതാണ് വിദ്യാഭ്യാസമെന്ന കാര്യം മോദി സര്‍ക്കര്‍ മനപ്പൂര്‍വം വിസ്മരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള ചില നിര്‍ദേശങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. യു ജി സിക്കും എ ഐ സി ടി ഇക്കും പകരമായി ഉന്നത വിദ്യാഭ്യാസത്തെ മൊത്തമായി ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ (എച്ച് ഇ സി ഐ) എന്ന ഒറ്റ കമ്മീഷന് കീഴിലാക്കുകയെന്നതാണ് ഇതിലൊന്ന്. ഗവേഷണ പഠനരംഗം കൈകാര്യം ചെയ്യുന്നതിന് നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷനും രൂപവത്കരിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വരാന്‍ പോകുന്ന ഹിന്ദുത്വവത്കരണത്തിന്റെ മുന്നോടിയായി വേണം ഇപ്പോഴത്തെ രേഖയെ കാണാന്‍. പുരാണ കഥാപാത്രങ്ങളായ കര്‍ണന്റെ ജനനത്തിനും ഗണപതിയുടെ തുമ്പിക്കൈക്കും ശാസ്ത്രീയത നല്‍കാന്‍ പ്രധാനമന്ത്രി നടത്തിയ പരിഹാസ്യമായ ശ്രമം ഇതിന്റെ ഭാഗമായിരുന്നല്ലോ. പുതിയ വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തും മതേതരത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ ശസ്ത്ര പുരോഗതിയുടെയും മതേതരത്വത്തിന്റെയും ചരിത്രത്തെ വക്രവത്കരിക്കുന്നതിനും സംഘ്പരിവാര്‍ മുമ്പേ ശ്രമം തുടങ്ങിയിട്ടുണ്ട്. 1977ലെ ജനതാ സര്‍ക്കാറിന്റെ തണലില്‍ ബി ജെ പിയുടെ പഴയ പതിപ്പായ ജനസംഘം ഇത്തരമൊരു നീക്കം നടത്തിയിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അത് ഉപേക്ഷിക്കേണ്ടി വന്നത്.

ആഴത്തിലുള്ള ആലോചനകള്‍ക്കും ഗഹനമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം നടപ്പാക്കേണ്ടതാണ് വിദ്യാഭ്യാസ നയത്തിന്റെ ഉടച്ച് വാർക്കൽ. സങ്കുചിത താത്പര്യത്തോടെ അത് നടപ്പാക്കുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത അപരാധവും ജനാധിപത്യം, മതേതരത്വം തുടങ്ങി രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ നിരാസവുമാണ്. സങ്കുചിതത്വവും വര്‍ഗീയവുമായ ചിന്തകളെ പേറുകയും ഫാസിസ കാഴ്ചപ്പാടുകളെ താലോലിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പായിരിക്കും പുതിയ വിദ്യാഭ്യാസനയം നടപ്പില്‍ വരുന്നതിന്റെ അനന്തരഫലം. ഇതിനെതിരെ ജനാധിപത്യവിശ്വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

Latest