സുരക്ഷയെ ബാധിക്കുന്നു; അമേരിക്കയില്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങി ട്രംപ്

Posted on: August 1, 2020 11:35 am | Last updated: August 1, 2020 at 3:19 pm

വാഷിംഗ്ടണ്‍| ചൈനക്ക് കനത്ത തിരിച്ചടിയുമായി യു എസും. അതിവേഗം വളരുന്ന സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ചൈനീസ് ആപ്പായിരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രടപ്പിച്ചതിനാല്‍ ഇതിനെ അമേരിക്കയില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

യുഎസ് പൗരന്‍മാരുടെ വ്യക്തിവിവരങ്ങള്‍ ടിക്ടോക്കില്‍ സുരക്ഷിതമല്ലെന്നും ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ടിക് ടോക്ക് കമ്പനി ചൈനീസ് സര്‍ക്കാറുമായി യാതൊരു ബന്ധമില്ലെന്ന് അവര്‍ പറയുന്നു. ചൈനീസ് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സില്‍ നിന്ന് യു എസ് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നിരോധനം പ്രഖ്യാപിക്കുന്നത്.

ടിക് ടോക്കിനെ അമേരിക്കയില്‍ വിലക്കുകയാണെന്ന് അദ്ദേഹം ഏയര്‍ ഫോഴ്‌സ് വണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് തന്നെ ഇതിനെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അമേരിക്കയുടെ ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ വിദേശ നിക്ഷേപ സമതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ടിക്ടോക്കിന് ലോകമെമ്പാടും ബില്യണ്‍ കണക്കിന് ഉപഭോക്താക്കളുണ്ട്. അതേസമയം, തങ്ങള്‍ രാഷട്രീയക്കാരല്ലെന്നും രാഷട്രീയ പരസ്യങ്ങള്‍ അനുവദിക്കുകയില്ലെന്നും പ്രത്യേക അജണ്ടകളില്ലെന്നും ടിക് ടോക് സി ഇ ഒ കെവിന്‍ മേയര്‍ പറഞ്ഞു.

എല്ലാവര്‍ക്കും അസ്വദിക്കാനായി ഒരു വേദിയുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടിക്ടോക്കിനെയാണ് എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നത് എന്നാല്‍ തങ്ങള്‍ ശത്രുക്കളല്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, ടിക്ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് അമേരിക്കയില്‍ നിരോധിക്കുന്നത്. അമേരിക്കയുടെ വ്യക്തിഗത വിവരങ്ങള്‍ ടികടോക്ക് ശേഖരിക്കുന്നതായി സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞിരുന്നു. ഇന്ത്യാ- ചൈനാ ബന്ധം വഷളായതിനെ തുടര്‍ന്ന് ടിക്ടോക് ഇന്ത്യയിലും നിരോധിച്ചിരുന്നു.