Connect with us

Gulf

കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു

Published

|

Last Updated

മക്ക | വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കല്‍ ചടങ്ങ് പൂര്‍ത്തിയായി. എല്ലാ വര്‍ഷവും അറഫ സംഗമം നടക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിന് ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്ന സമയത്താണ് കിസ്‌വ അണിയിക്കല്‍ ചടങ്ങ് നടക്കുക. ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘമാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്. പുലര്‍ച്ചയോടെയാണ് ഈ വര്‍ഷത്തെ കിസ്‌വ മാറ്റം ആരംഭിച്ചത്. കനത്ത മഴയാണ് ഈ സമയങ്ങളില്‍ അനുഭവപ്പെട്ടത്.

ഓരോ ഭാഗങ്ങളിലൂടെയും കിസ്‌വയുടെ ഭാഗങ്ങള്‍ അഴിച്ച ശേഷം രണ്ട് സംഘങ്ങളായി തിരിഞ്ഞ് പുതിയ കിസ്‌വ മുകളിലേക്ക് വരുന്നതോടെയാണ് പഴയ കിസ്‌വ താഴ്ത്തുക. കഅ്ബാലയത്തിന്റെ മുന്‍ഭാഗത്തെ വാതില്‍ ഭാഗങ്ങളടക്കം അഞ്ച് ഭാഗങ്ങളായാണ് കിസ്‌വ തയാറാക്കിയിരിക്കുന്നത്. തുടര്‍ന്ന് പുതിയ കിസ്വ കഅ്ബയുടെ മുകളില്‍ ഓരോ ഭാഗങ്ങളായി ഉറപ്പിച്ച ശേഷം മുഴുവന്‍ ഭാഗങ്ങളും തമ്മില്‍ തുന്നി ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഇസ്‌ലാമിക സംസ്‌കാരം വിളിച്ചോതുന്ന കിസ്‌വ സ്വര്‍ണം പൂശിയ നൂലുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ട് പ്രത്യേകം അലംകൃതമായതാണ്. 16 സമചതുര കഷണങ്ങളായി നിര്‍മിക്കുന്ന കിസ്‌വ കഅ്ബയില്‍ ചാര്‍ത്തിയ ശേഷമാണ് തുന്നിച്ചേര്‍ത്ത ശേഷം പുടവയാക്കി മാറ്റുന്നത്.

14 മീറ്ററാണ് കിസ്‌വയുടെ ഉയരം. കിസ്‌വയുടെ ഉള്‍വശത്ത് വെളുത്ത കട്ടി കൂടിയ പ്രത്യേക കോട്ടണ്‍ തുണിയാണുള്ളത്. മുകളില്‍ നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുകളുണ്ട്. ചതുരാകൃതിയിലുള്ള പതിനാറ് അറബി അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തിലൂടെ നെയ്‌തെടുത്ത ഭാഗങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. 120 കിലോഗ്രാം സ്വര്‍ണനൂലും 100 കിലോഗ്രാം വെള്ളിനൂലും ഉപയോഗിച്ച് 670 കിലോഗ്രാം പട്ടിലാണ് ഓരോ വര്‍ഷവും കിസ്‌വ നെയ്‌തെടുക്കുന്നത്. കഅ്ബാലയത്തിന്റെ മുന്‍ഭാഗത്തെ വാതിലിന് മുകളില്‍ തൂക്കിയിരിക്കുന്ന വിരിക്ക് നാല് മീറ്റര്‍ വീതിയും 7.5 മീറ്റര്‍ നീളവുമാണുള്ളത്. സ്വര്‍ണം പൂശിയ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളാണ് ഈ വിരിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ദിക്റുകളും ഖുര്‍ആന്‍ സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും സ്വര്‍ണ നൂലില്‍ തുന്നിച്ചേര്‍ത്ത ദീര്‍ഘചതുര ബെല്‍റ്റുകള്‍ ആറര മീറ്റര്‍ ഉയരത്തിലും മൂന്നര മീറ്റര്‍ വീതിയിലുമുള്ള കിസ്‌വയില്‍ തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അറബി കാലിഗ്രാഫി മുസ്ലിംകളുടെ ആത്മാഭിമാനമായാണ് നിലകൊള്ളുന്നത് .

മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്വ നെയ്ത്ത് ശാലയില്‍ ഒരുവര്‍ഷത്തോളം സമയമെടുത്താണ് കിസ്‌വ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വിദഗ്ധ സംഘം പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് എല്ലാ വര്‍ഷവും കിസ്‌വ കൈമാറ്റ ചടങ്ങ് നടക്കുക. ദുല്‍ഹിജ്ജ മാസം പിറന്നതോടെ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരായ അല്‍ശൈബി കുടുംബത്തിന് സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാന്‍ അറഫാ ദിനത്തില്‍ കഅ്ബയെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറിയിരുന്നു,

ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിയാണ് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍. പുതിയ കിസ്‌വ ധരിപ്പിക്കുമ്പോള്‍ മാറ്റുന്ന പഴയ കിസ്വയുടെ ഭാഗങ്ങള്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്ന ഉന്നത വ്യക്തികള്‍ക്ക് സമ്മാനമായി നല്‍കാറാണ് പതിവ്. കഅ്ബാലയത്തിന് 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമാണുള്ളത്. തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുല്‍ അസ്വദ് സ്ഥിതിചെയ്യുന്നത്.

സിറാജ് പ്രതിനിധി, ദമാം