അയോധ്യയിലെ ഭൂമിപൂജയിൽ പങ്കെടുക്കേണ്ട പുരോഹിതനുൾപ്പെടെ 16 പേർക്ക് കൊവിഡ്

Posted on: July 30, 2020 2:49 pm | Last updated: July 30, 2020 at 5:14 pm

ലക്നോ| രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ ഭൂമി പൂജ നടക്കാനിരിക്കെ പുരോഹിതന് കൊവിഡ് സ്ഥിരീകരിച്ചു. പൂജയുടെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്രദാസിന്റെ ശിഷ്യനായ പ്രദീപ് ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹോം ഐസൊലേഷനിലേക്ക് മാറ്റി. നാല് പുരോഹിതരെയാണ് പൂജക്കായി നിയോഗിച്ചത്. കൂടാതെ അയോധ്യയിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 16 പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ജന്മഭൂമി സമുച്ചയം സന്ദർശിച്ച് അഞ്ചിലെ പരിപാടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. ഭൂമി പൂജയിൽ 50 വി ഐ പികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കേണ്ടതായിരുന്നു. ഭൂമി പൂജയും ശിലാസ്ഥാപനവും നിർവഹിക്കുന്നതോടെ, രാമക്ഷേത്ര നിർമാണം ആരംഭിക്കാനാണ് രാം മന്ദിർ ട്രസ്റ്റിന്റെ തീരുമാനം.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയും മുൻകരുതൽ നടപടികളും നടത്തിയിരുന്നു. ഇതിനിടയിലാണ് പൂജാരിക്കും സുരക്ഷയിലുള്ള പോലീസുകാർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് പരിപാടി ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. നിലവിൽ അയോധ്യയിൽ 375 കൊറോണവൈറസ് കേസുകളും യു പിയിൽ 29,997 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പുരോഹിതന്മാർ, സുരക്ഷാ ഉദ്യോഗസ്ഥർ, അതിഥികൾ, നാട്ടുകാർ എന്നിവരുൾപ്പെടെ 200 ഓളം പേർ പങ്കെടുക്കും.