Connect with us

Kerala

ഫാം ഉടമയുടെ മരണം: വനം വകുപ്പിനെതിരേ ഭാര്യയും നാട്ടുകാരും

Published

|

Last Updated

പത്തനംതിട്ട | വനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ തകര്‍ത്തുവെന്ന് ആരോപിച്ച് വനപാലക സംഘം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത യുവ വ്യവസായിയുടെ മൃതദേഹം കുടുംബവീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പിനെതിരേ ഭാര്യ ഷീബയും നാട്ടുകാരും. 75000 രൂപ കൈക്കൂലി നല്‍കാത്തതിന് വനപാലകര്‍ മര്‍ദിച്ചു കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് ആരോപണം. മണിയാര്‍ അരീക്കക്കാവ് പടിഞ്ഞാറെ ചരുവില്‍ സി പി മത്തായി(പൊന്നു-41) ആണ് മരിച്ചത്. പാപ്പി ആന്‍ഡ് സണ്‍സ് എന്ന പേരില്‍ ഫാമുകള്‍ നടത്തി വരികയായിരുന്നു മത്തായി.

കുടപ്പന പള്ളിക്കു സമീപമുള്ള കുടുംബ വീടിനോടു ചേര്‍ന്ന് ഫാം നടത്തുകയാണ് ഇദ്ദേഹം. ഇതിനോട് ചേര്‍ന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിച്ചത് പൊന്നുവാണെന്ന സംശയത്തില്‍ ഇതേപ്പറ്റി ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി ചൊവാഴ്ച വൈകിട്ട് നാലു മണിയോടെ ഭാര്യ ഷീബയുടെ മുന്നില്‍ നിന്നാണ് ചിറ്റാര്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. വനപാലക സംഘത്തില്‍ വനിതാ ഗാര്‍ഡ് അടക്കം ഏഴു പേരുണ്ടായിരുന്നു. മത്തായിയെ ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്കു കൊണ്ടു പോയെന്ന് കരുതി ഭാര്യയും ബന്ധുക്കളും അവിടെ ചെന്നിരുന്നു. എന്നാല്‍, കസ്റ്റഡിയില്‍ എടുത്ത വനപാലകര്‍ അവിടെ ഉണ്ടായിരുന്നില്ല. വൈകിട്ട് ആറു മണിയോടെ മത്തായിയുടെ മരണ വിവരമാണ് ഇവര്‍ അറിഞ്ഞത്. ക്യാമറയുടെ മെമ്മറി കാര്‍ഡ് എടുത്തു നല്‍കാനാണ് മത്തായിയെ അവിടെ എത്തിച്ചത് എന്നാണ് വനപാലകര്‍ നാട്ടുകാരോട് പറഞ്ഞത്.

വീട്ടുടമ കിണറ്റില്‍ വീണെന്നു വഴിയാത്രക്കാരോടു പറഞ്ഞിട്ട് സ്ഥലം വിടാന്‍ വനപാലക സംഘം ശ്രമം നടത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വാഹനം ഉപേക്ഷിച്ച് വനപാലകര്‍ ഓടി രക്ഷപെട്ടു. ഫാം ഉടമ കിണറ്റില്‍ മരിച്ച സംഭവത്തിലെ ദുരുഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരും നാട്ടുകാരും ഒത്തുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷ സാഹചര്യമുണ്ടായി.

തുടര്‍ന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ, പത്തനംതിട്ട ഡിവൈഎസ്പി കെ സജീവും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചിറ്റാര്‍ പോലീസ് യുവാവിന്റെ ഭാര്യ ഷീബയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് ശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. മൃതദേഹം പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പാപ്പി ആന്‍ഡ് സണ്‍സ് എന്ന പേരില്‍ ഫാമും, ആംബുലന്‍സ്, മൊബൈല്‍ മോര്‍ച്ചറി സര്‍വീസും നടത്തുകയാണ് മത്തായി.

Latest