Connect with us

Kerala

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു: കൊച്ചി വെള്ളത്തില്‍ മുങ്ങി, കോട്ടയത്ത് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Published

|

Last Updated

കോട്ടയം/ കൊച്ചി | സംസ്ഥാനത്ത് വ്യാപകമായി വീണ്ടും കാലവര്‍ഷം ശക്തിപ്പെട്ടു. കനത്ത മഴയില്‍ പലയിടത്തും റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലതിലും വെള്ളപ്പൊക്കമുണ്ടായി. കൊച്ചിയില്‍ പനമ്പിള്ളി നഗര്‍, പലാരിവട്ടം, പള്ളുരുത്തി, എംജി റോഡ്, തമ്മനം , കമ്മട്ടിപ്പാടം തുടങ്ങിയ ഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് ഇടിഞ്ഞ് വീടിന് മുകളില്‍ വീണു. സംഭവത്തില്‍ മൂന്ന് കാറുകളും തകര്‍ന്നിട്ടുണ്ട്.

തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതല്‍ വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, തമിനാട്, കര്‍ണാടക സംസ്ഥാങ്ങളില്‍ അടുത്ത 3,4 ദിവസങ്ങളില്‍ വ്യാപകമായി മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം സഞ്ചാരദിശയില്‍ മണ്ണ് ഇടിഞ്ഞു വീണത്.

കോട്ടയം നഗരസഭയിലെ 49-ാം വാര്‍ഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചില്‍ റിവര്‍ റോഡ് കനത്ത മഴയെ തുടര്‍ന്ന് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിന്റെ തീരത്തിലൂടെയുള്ള റോഡാണിത്. 11കെവി വൈദ്യുതി ലൈന്‍ അടക്കം ഈ വഴി കടന്നു പോകുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാര്‍ ആശങ്കയിലാണ്.

---- facebook comment plugin here -----

Latest