Connect with us

Covid19

പ്രതീക്ഷയോടെ ശാസ്ത്രലോകം; മോഡേണ വാക്‌സിൻ പരീക്ഷണം കുരങ്ങുകളിൽ വിജയകരം

Published

|

Last Updated

ന്യൂയോർക്ക്| അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ മോഡേണയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയതോടെ കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം വിജയകരമെന്ന്റിപ്പോർട്ട്. വാക്‌സിൻ വഴി കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നതിനുളള രോഗപ്രതിരോധശേഷി കുരങ്ങന്മാർക്ക് ലഭിച്ചതായി പഠനത്തിൽ വ്യക്തമാക്കുന്നു.

എം ആർ എൻ എ 1273 എന്ന പേരിലുളള വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് മോഡേണ കഴിഞ്ഞ ദിവസം തുടക്കമിട്ടത്. സാധാരണയായി മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ മൂക്കിൽ വെച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിർത്താൻ വാക്‌സിന് കഴിഞ്ഞു. റിസസ് മക്കാക് കുരങ്ങുകളിൽ കണ്ടെത്തിയ പഠന ഫലങ്ങൾ ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് രോഗം ബാധിക്കാത്ത 30,000 പേരെ കൂടി ഉൾപ്പെടുത്തി വിപുലമായ തോതിലുളള പരീക്ഷണത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. വർഷാവസാനത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ 6,55,000ത്തിലധികം ആളുകളുടെ ജീവനെടുത്ത ഒരു പകർച്ചവ്യാധിയുടെ അന്ത്യം കുറിക്കുന്നതിന് ഫലപ്രദമായ വാക്‌സിനുകൾ നിർണായകമാണ്.

എട്ട് പേർ അടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പരീക്ഷണത്തിന്റെ ഫലമായി കുരങ്ങന്മാരിൽ വലിയ തോതിലുളള ആന്റിബോഡീസിനെ കണ്ടെത്തി. കൊവിഡ് മുക്തമായ മനുഷ്യരിൽ കണ്ടുവരുന്ന ആന്റിബോഡീസിനെക്കാൾ കൂടിയ അളവിൽ കുരങ്ങന്മാരിൽ ഇത് കണ്ടുവന്നത് പരീക്ഷണത്തിന്റെ വിജയമായാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.

ഓക്‌സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക്കേയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡിൽ നിന്ന് ഇത്തരത്തിലുളള അനുകൂലമായ ഫലങ്ങൾ ലഭിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
കേംബ്രിഡ്ജ് സർവകലാശാല, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷസ് ഡീസിസ് എന്നിവയുമായി ചേർന്നാണ് മോഡേണ വാക്‌സിൻ വികസിപ്പിച്ചെടുത്തത്.