Kerala
സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ. ഇതേ തുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും ഇന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരത്ത് പലയിടത്തും ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും നിലച്ചിട്ടില്ല. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അഞ്ചു മുതല്‍ 10 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തേണ്ടിവരുമെന് ജില്ലാ കലക്ടര്‍ അറിയിച്ചു. കക്കിട്ടാറിന്റേയും പമ്പയാറിന്റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.