Connect with us

Editorial

കേവല തൊഴിലല്ല ആതുര ശുശ്രൂഷ

Published

|

Last Updated

ആലുവ എടയപ്പുറം അമ്പാട്ടുകവല മോളത്ത് വിജയകുമാറിന്റെ മരണം ആലുവ ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. പുളിഞ്ചോട് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആര്‍ വിജയകുമാര്‍ (63) ആലുവ ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ ആംബുലന്‍സില്‍ കിടന്നാണ് മരിച്ചത്. പനിയും ശ്വാസതടസ്സവും ബാധിച്ച വിജയകുമാറിനെ തിങ്കളാഴ്ച കാലത്ത് 9.15ന് ആശുപത്രിയിലെത്തിച്ചെങ്കിലും പത്ത് മണി വരെ ആശുപത്രി ജീവനക്കാരാരും തിരിഞ്ഞു നോക്കിയില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ വസ്ത്രമുള്‍പ്പെടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസമേ ഉണ്ടായുള്ളൂവെന്നും മറ്റു കാലതാമസമൊന്നുമുണ്ടായില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കോട്ടയത്തും നടന്നു സമാനമായ ഒരു മരണം. ഇടുക്കി സ്വദേശി ജേക്കബ് തോമസ് എന്ന വയോധികൻ വിവിധ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കിടന്നാണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെയുമായി കോട്ടയം മെഡിക്കല്‍ കോളജിലാണ് ബന്ധുക്കള്‍ ആദ്യമെത്തിയത്. കിടക്ക ഒഴിവില്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെ അവിടെ നിന്ന് മടക്കി. രോഗിയുടെ നില ഗുരുതരമാണെന്നും ചികിത്സ നല്‍കണമെന്നും കൂടെയുള്ളവര്‍ താണുകേണപേക്ഷിച്ചിട്ടും ആശുപത്രി അധികൃതരും ഡോക്ടര്‍മാരും കനിഞ്ഞില്ലത്രെ. രോഗിയെ തൊട്ടടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവരും രോഗിയെ ഏറ്റെടുക്കാന്‍ സന്നദ്ധമായില്ല. രോഗിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം ഈ മൂന്ന് ആശുപത്രികള്‍ക്കെതിരെയും പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്കും ചികിത്സാ നിഷേധത്തിനും കേസെടുക്കുകയുണ്ടായി.

കഴിഞ്ഞ നവംബറില്‍ പാമ്പുകടിയേറ്റു മരിച്ച ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹലക്ക് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കാന്‍ വൈകിയതായി ആരോപണമുയര്‍ന്നതാണ്. ഡോക്ടറെ ആരോഗ്യ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. മംഗളൂരുവിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടറുടെ അനാസ്ഥയും ചികിത്സാ പിഴവും മൂലം മകന്റെ മരണം മുന്നില്‍ കണ്ട ഷഹീര്‍ എന്ന യുവാവിന്റെ കണ്ണുനിറക്കുന്ന കുറിപ്പ് കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വന്നതാണ്. ചെറിയ ഛര്‍ദിയായിരുന്നു തുടക്കം. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത് ഡോക്ടറുടെ അനാസ്ഥയാണെന്നാണ് ഷഹീറിന്റെ കുറിപ്പില്‍ പറയുന്നത്. കുഞ്ഞിനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ അത് നിസ്സാരമായി തള്ളുകയായിരുന്നു. രാത്രി കുട്ടി തുടരെ തുടരെ ഛര്‍ദിക്കാന്‍ തുടങ്ങിയപ്പോള്‍ ഷഹീറിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് നഴ്‌സ് ഡോക്ടറെ വിവരമറിയിച്ചെങ്കിലും കുട്ടിയെ ഐ സി യുവിലേക്ക് മാറ്റിക്കോളൂ, ഞാന്‍ രാവിലെ വരാമെന്നായിരുന്നുവത്രെ ഡോക്ടറുടെ മറുപടി. പിറ്റേ ദിവസം കാലത്ത് ഡോക്ടര്‍ വന്ന് ചികിത്സ തുടങ്ങുമ്പോഴേക്കും രോഗം മൂര്‍ച്ഛിക്കുകയും താമസിയാതെ കുട്ടി മരണപ്പെട്ടുവെന്നുമാണ് ആ പിതാവ് സങ്കടപ്പെടുന്നത്.

ആതുര ശുശ്രൂഷ കേവലം തൊഴിലല്ല. അതൊരു മഹത്തായ സേവനവും കൂടിയാണ്, തപസ്യയാണ്. രോഗങ്ങളാല്‍ കഠിന പ്രയാസമനുഭവിച്ചും അപകടങ്ങളില്‍പ്പെട്ട് മരണത്തോടു മല്ലടിച്ചും തന്റെ മുമ്പിലെത്തുന്ന രോഗികളെ നിരസിക്കുന്നത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭൂഷണമല്ല. അര്‍പ്പണ മനോഭാവം, സ്‌നേഹം, ദയ, സത്യസന്ധത തുടങ്ങിയ സ്വഭാവങ്ങളുടെ ഉടമകളും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നവരുമായിരിക്കണം ഡോക്ടര്‍മാര്‍. മാരക രോഗങ്ങള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കും മധ്യേ രോഗികളെ പരിചരിക്കാനുള്ള ആത്മധൈര്യവുമുണ്ടായിരിക്കണം. തങ്ങളുടെ മുന്നില്‍ വരുന്ന ഓരോ രോഗിയെയും തൊഴില്‍ സംബന്ധമായ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ ചികിത്സിക്കാന്‍ ഓരോ ഡോക്ടര്‍മാരും പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതുണ്ട്. മറ്റേതു കര്‍മങ്ങളേക്കാളും കാരുണ്യമുഖം അനിവാര്യമാണ് ആതുരസേവന മേഖലക്ക്. പരസ്പര വിശ്വാസത്തിലധിഷ്ഠിതമാണ് ഡോക്ടര്‍- രോഗി ബന്ധം. ഈ വിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന ഒരു പ്രവര്‍ത്തനവും അവരുടെ ഭാഗത്ത് നിന്നുണ്ടാകരുത്. ഡോക്ടര്‍മാരിലും ആരോഗ്യ പ്രവര്‍ത്തകരിലും നല്ലൊരു ഭാഗവും മാതൃകാ സമ്പന്നരാണ്. നല്ല പെരുമാറ്റത്തിലൂടെയും ചികിത്സയിലൂടെയും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസം പകരുന്ന ഇവര്‍ സമൂഹത്തിന്റെ ആദരവും അംഗീകാരവും അര്‍ഹിക്കുന്നു. എന്നാല്‍ ചികിത്സാ രംഗത്തെ സ്വാര്‍ഥ ലാഭങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നവരും ഇതൊരു കേവല തൊഴില്‍ മാത്രമായി കാണുന്നവരുമുണ്ട് ഡോക്ടര്‍മാര്‍ക്കിടയില്‍. അത്തരക്കാരാണ് അത്യാസന്ന നിലയില്‍ എത്തുന്ന രോഗികളെ നിഷ്‌കരുണം നിരാകരിക്കുന്നത്. മനുഷ്യപ്പറ്റില്ലാത്ത ഈ വിഭാഗം നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടതുണ്ട്. അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയും അശ്രദ്ധയും മൂലം രോഗികള്‍ മരിച്ചുവെന്ന വിധേന ഉയരുന്ന ആരോപണങ്ങളെല്ലാം തന്നെ വസ്തുതാ പരമല്ലെന്ന കാര്യവും കൂട്ടത്തില്‍ എടുത്തു പറയേണ്ടതുണ്ട്. പലപ്പോഴും രോഗിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഉയര്‍ന്നു വരുന്ന കേവല സംശയത്തിന്റെയും ഊഹത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഡോക്ടര്‍മാരുടെ അനാസ്ഥയും അശ്രദ്ധയുമെല്ലാം ആരോപിക്കപ്പെടുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമനഃസ്ഥിതി ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ കേവല ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കാതിരിക്കാന്‍ പൊതുസമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്.