Connect with us

Saudi Arabia

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും

Published

|

Last Updated

മിന  | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹാജിമാര്‍ ബുധനാഴ്ച ബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക് (നാഥാ, നിന്റെ വിളിക്കുത്തരം നല്‍കാന്‍ ഞങ്ങളിതാ എത്തി) എന്നര്‍ഥം വരുന്ന തല്‍ബിയത്ത് മന്ത്ര ധ്വനികളൂരുവിട്ട് വിശുദ്ധിയുടെ പ്രതീകമായ തൂവെള്ള (ഇഹ്‌റാം) വസ്ത്രങ്ങള്‍ ധരിച്ചാണ് തമ്പുകളുടെ നഗരിയായ മിനയിലെത്തിച്ചേരുക,

കഅബാ ശരീഫിന്റെ കിഴക്ക് അല്‍പം തെക്കോട്ട് മാറിയാണ് മിനയുടെ സ്ഥാനം ,ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)മിന്റെയും മകന്‍ നബിയുല്ലാഹി ഇസ്മാഈല്‍(അ)മിന്റെയും ത്യാഗ സ്മരണകള്‍ പുതുക്കി മിനാ നഗരി പ്രാര്‍ത്ഥനാ മുഖരിതമാവും, പ്രവാചകചര്യ പിന്‍പറ്റിയുള്ള ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെ കര്‍മമായ ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ ദുല്‍ഹിജ്ജ മാസം 8 മുതല്‍ 12 വരെയാണ് മിനായില്‍ കഴിയുക,

മക്കയിലെ ഹോട്ടലുകളില്‍ കഴിയുന്ന തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനു മുന്നോടിയായുള്ള കൊറന്റൈന്‍ ഇന്ന് അര്‍ദ്ധ രാത്രിയോടെ പൂര്‍ത്തിയാവുന്നതോടെ ,ഹജ്ജിന്റെ ഇഹ്റാം ചെയ്യുന്നതിനായി മക്കയില്‍ നിന്നും 78 കിലോമീറ്റര്‍ അകലെയുള്ള “സയ്ലുല്‍ കബീര്” എന്നപേരില്‍ അറിയപ്പെടുന്ന ഖര്‍നുല്‍ മനാസില്‍ മീഖാത്തില്‍ ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കുന്ന മുഴുവന്‍ തീര്‍ത്ഥാടകരും ബുധനാഴ്ച രാവിലെയോടെ എത്തിച്ചേരും. ഇഹ്‌റാം നിര്‍വഹിച്ച് മക്കയിലേക്ക് മടങ്ങിയെത്തിയ ശേഷം ഖുദൂമിന്റെ ത്വവാഫ് പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ രാപ്പാര്‍ക്കുന്നതിനായി മിനയിലെത്തുക. ചരിത്രത്തില്‍ ആദ്യമായി ഹാജിമാര്‍ ഒരൊറ്റ മീഖാത്തില്‍ വെച്ച് ഇഹ്‌റാം ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്

ഈ വര്‍ഷം മിനായിലെ ബഹുനില കെട്ടിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുള്ള സൗകര്യം ലഭിക്കും,തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ക്രമീകരണങ്ങളാണ് ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കിയത്. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഹാജിമാരെ 20 അംഗങ്ങള്‍ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച ശേഷം ഓരോ ഗ്രൂപ്പുകള്‍ക്കും പ്രത്യേകം ഗൈഡുകള്‍ക്ക് കീഴിലാക്കിയാണ് സുഗമമായ രീതിയിലാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സംവിധാനിച്ചിരിക്കുന്നത് . ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം .കൂടാതെ മിന,അറഫ, മുസ്ദലിഫ, എന്നിവിടങ്ങളില്‍ 9 മീറ്റര്‍ സ്ഥമാണ് ഓരോ തീര്‍ത്ഥാടകനും അനുവദിച്ചിരിക്കുന്നത് . ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സംവിധാനിച്ചിരിക്കുന്ന 49 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ്സില്‍ 22 തീര്‍ത്ഥാടകര്‍ക്കാണ് യാത്ര അനുമതിയുള്ളത് ,ഹജ്ജിന്റെ കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ തീര്‍ത്ഥാടകര്‍ ഒരേ സീറ്റ് നമ്പറിലാണ് യാത്ര പൂര്‍ത്തിയാകേണ്ടത്

മിനായിലെത്തിയ ഹാജിമാര്‍ രാത്രിയില്‍ പ്രാര്‍ത്ഥനയില്‍ കഴിഞ്ഞു കൂടുകയും ളുഹ്റ്, അസര്‍, മഗ്രിബ്, ഇശാ എന്നീ നമസ്‌കാരങ്ങളും വ്യാഴാഴ്ച്ച രാവിലെ സുബ്ഹി നമസ്‌കാരവും മിനയില്‍ വെച്ച് നിര്‍വഹിച്ച് ശേഷമാണ് . അറഫയിലേക്ക് യാത്ര തിരിക്കുക. ഈ വര്ഷം മെട്രോ മശാഇര്‍ ട്രെയിന്‍ സൗകര്യം ഉണ്ടായിരിക്കില്ല .പകരം ഹജ്ജ് മന്ത്രാലയത്തിന്റെ പ്രത്യേക ബസ്സുകളിലാണ് ഹാജിമാര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി യാത്ര തിരിക്കുക . കൊവിഡ് പശ്ചാത്താലത്തിലാണ് ഈവര്‍ഷത്തെ ഹജിന് ട്രെയിന്‍ സര്‍വീസുകളുണ്ടാകില്ലെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചത് .ഇരുഹറമുകളെയും ബന്ധിപ്പിച്ചുള്ള മശാഇര്‍ മെട്രോയും നിര്‍ത്തിവെച്ചിട്ടുണ്ട്

ദുല്‍ഹിജ്ജ എട്ട് അഥവാ “യൗമുത്തര്‍വിയ”
ദുല്‍ഹിജ്ജ എട്ടിന് ദുല്‍ഹജ്ജ് എട്ടിന് “യൗമുത്തര്‍വിയ” എന്നാണ് പറയപ്പെടുന്നത് ആദ്യ കാലങ്ങളില്‍ മിനയിലും അറഫയിലും ജലം ലഭ്യമായിരുന്നില്ല. അതിനാല്‍ ഹാജിമാര്‍ മക്കയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഹജ്ജ് കര്‍മ്മങ്ങള്‍ക്കാവശ്യമായ വെള്ളം വഹിച്ചായിരുന്നു രാപ്പാര്‍ക്കുന്നതിനായി മിനയിലേക്ക് പുറപ്പെട്ടിരുന്നതുകൊണ്ടാണ് വെള്ളം വഹിച്ച് കൊണ്ടു പോകുന്ന ദിവസമെന്ന അര്‍ഥത്തില്‍ ദുല്‍ഹജ്ജ് 8ന് “യൗമുത്തര്‍വിയ” എന്ന് പറയപ്പെടുന്നത്. മിനയില്‍ രാത്രി താമസിക്കുന്നത് പുണ്യകര്‍മ്മമാണെന്നാണ് തിരുനബി വചനം

ആഗോള വ്യാപകമായി കോവിഡ് മഹാമാരി പിടിമുറുക്കിയതോടെയാണ് ഈ വര്‍ഷം ഹജ്ജ് പതിനായിരം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാക്കിയത്. സഊദിയില്‍ കഴിയുന്ന ലോകത്തിലെ നൂറ്റി അറുപത് രാജ്യങ്ങളില്‍ നിന്നുള്ള വരെയാണ് ആഭ്യന്തര തീര്ഥാടകരിലെ വിദേശികളുടെ പട്ടികയില്‍ ഇടം കിട്ടിയിരിക്കുന്നത്, മൂവ്വായിരം പേര്‍ സ്വദേശി തീര്‍ത്ഥാടകരാണ്. കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമീനും ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വഹിക്കേണ്ട നിര്ബന്ധമായ കര്‍മമാണ് ഹജ്ജ്, കഴിഞ്ഞ വര്ഷം ഇരുപത്തി അഞ്ച് ലക്ഷം തീര്‍ഥാടകരാണ് ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുത്തത്

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest