Connect with us

National

സെയ്ദ് അലി ഷാ ഗിലാനിക്ക് പാകിസ്ഥാന്റെ ഉയർന്ന സിവിലിയൻ ബഹുമതി

Published

|

Last Updated

ശ്രീനഗർ| കശ്മീരിലെ വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗിലാനിക്ക് പാക്കിസ്ഥാന്റെ ആദരം. പാക്കിസ്ഥാന്റെ ഉയർന്ന സിവിലിയൻ ബഹുമതിയായ നിഷാൻ ഇ പാക്കിസ്ഥാൻ പുരസ്‌കാരം ഗിലാനിക്ക് നൽകാനുള്ള പ്രമേയം ഇന്നലെയാണ് സെനറ്റ് പാസ്സാക്കിയത്.
കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ടായി വിഭജിച്ചതിന് ഒരു വർഷം പൂർത്തിയാകുന്നതിന് ഒരാഴ്ച മുമ്പാണ് പാക്കിസ്ഥാന്റെ നടപടി.

ജമാഅത്ത് ഇസ്ലാമിയുടെ മുസ്തഫാ അഹമ്മദാണ് സെനറ്റിന് മുന്നിൽ പ്രമേയം അവതരിപ്പിച്ചത്. കൂടാതെ, പാക്കിസ്ഥാന്റെ അക്കാദമിക് പാഠ്യപദ്ധതിയിൽ ഗിലാനിയുടെ ജീവിതവും പോരാട്ടവും ഉൾപ്പെടുത്തണമെന്നും ഇസ്ലാമാബാദിലെ എൻജിനീയറിംഗ് സർവകലാശാലക്ക് ഗിലാനിയുടെ പേരിടണമെന്നും സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്.
ഗിലാനി ഹുറിയത്ത് കോൺഫറൻസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഈ നീക്കം. 27 വർഷത്തിന് ശേഷമാണ് മുതിർന്ന വിഘടനവാദി നേതാവ് കോൺഫറൻസിൽ നിന്ന് രാജിവെക്കുന്നത്.

1993 മുതൽ ഹുറിയത്ത് കോൺഫറൻസിന്റെ ഭാഗമായിരുന്ന 90കാരനായിരുന്ന ഗിലാനി 2003 ൽ ആജീവാനന്ത ചെയർമാനായി നിയമിതനായിരുന്നു. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഹുറിയത്ത് കോൺഫറൻസിൽ നിന്ന് സ്വയം വിട്ട് നിൽക്കുന്നെന്നാണ് അദ്ദേഹം പറയുന്നത്.

Latest