International
7400 കോടിയുടെ കുംഭകോണ കേസിൽ മലേഷ്യൻ മുൻ പ്രധാനമന്ത്രി കുറ്റക്കാരനെന്ന് കോടതി

ക്വാലാലംപൂർ| മലേഷ്യയിലെ വിവാദമായ വൺ എം ഡി ബി (1MDB) കുംഭകോണത്തിൽ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് കുറ്റക്കാരനാണെന്ന് കോടതി. മലേഷ്യയുടെ പൊതുവികസന ഫണ്ടായ വൺ മലേഷ്യ ഡെവലപ്‌മെൻറ് ബെർഹാദിൽ നിന്ന് 4.5 ബില്യൺ യു എസ് ഡോളർ (7400 കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഈ വിചാരണയിലെ എല്ലാ തെളിവുകളും പരിഗണിച്ച ശേഷമാണ് ഉത്തരവ് പ്രഖ്യാപിച്ചതെന്ന് ക്വാലാലംപൂർ ഹൈക്കോടതി ജഡ്ജി മുഹമ്മദ് നസ്ലാൻ മുഹമ്മദ് ഗസാലി പറഞ്ഞു. അതേസമയം, രാഷ്ട്രീയ പ്രേരിതമാണ് തനിക്ക് എതിരെയുള്ള കേസെന്ന് പറഞ്ഞ നജീബ്, അപ്പീൽ നൽകുമെന്നും പ്രതികരിച്ചു.
നജീബ് റസാഖിൻറെ നേതൃത്വത്തിൽ 2009ൽ ആണ് വൺ എം ഡി ബി എന്ന പേരിൽ ഫണ്ട് രൂപവത്കരിക്കുന്നത്. മലേഷ്യയുടെ സാമ്പത്തിക പുരോഗതിക്ക് വേണ്ടി ഫണ്ട് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. നജീബ് ഇത് വകമാറ്റി ചെലവഴിച്ചു എന്നാണ് ആരോപണം.
അധികാര ദുർവിനിയോഗം, വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 67 വയസ്സുകാരനായ നജീബിന് എതിരെ ചുമത്തിയിട്ടുള്ളത്. നജീബിന് എതിരെയുള്ള ഏഴ് കുറ്റങ്ങൾ കോടതി ശരിവച്ചു. ഇതേ വിഷയത്തിൽ അഞ്ച് കേസുകളിലായി 42 കുറ്റങ്ങൾ നജീബിന് എതിരെ നിലനിൽക്കുന്നുണ്ട്. ഓരോ കുറ്റത്തിലും 15 അല്ലെങ്കിൽ 20 വർഷം വരെ കനത്ത പിഴയും തടവുമാണ് ശിക്ഷ. ഇതിൽ കാലതാമസം വരുത്താൻ നജീബിന്റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ട്.
വൺ എം ഡി ബിയെക്കുറിച്ചുള്ള ആരോപണങ്ങളിൽ 2018ൽ നജീബിൻറെ മലായ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായിരുന്നു. അഞ്ച് മാസം മുൻപ് നടന്ന മറ്റൊരു തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ പാർട്ടി അധികാരത്തിൽ തിരികെ എത്തി. നജീബിന് എതിരെ ആദ്യം ശബ്ദമുയർത്തിയ ഉപപ്രധാനമന്ത്രി മുഹ്‌യുദ്ദീൻ യാസീൻ ആണ് നിലവിലെ പ്രധാനമന്ത്രി.