Covid19
പരിയാരം മെഡിക്കല്‍ കോളജ് ജനറല്‍ വാര്‍ഡില്‍ എട്ട് പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ | കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ജനറല്‍ വാര്‍ഡില്‍ കൊവിഡ് വ്യാപനം. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പത്തില്‍ എട്ട് രോഗികള്‍ക്ക് റാപ്പിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഇതിന് പുറമെ മൂന്ന് കൂട്ടിരിപ്പുകാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജനറല്‍ വാര്‍ഡിനെ കൊവിഡ് വാര്‍ഡാക്കി മാറ്റി.
കൂട്ടിരിപ്പുകാരുടെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൂട്ടിരിപ്പുകാര്‍ ആശുപത്രിക്ക് പുറത്തും ആശുപത്രിയുടെ പല ഭാഗങ്ങളിലും പോയിട്ടുണ്ട് എന്നാണ് വിവരം. പരിയാരം മെഡിക്കല്‍ കോളജില്‍ അറുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നല്ലൊരു ശതമാനവും കൊവിഡ് വാര്‍ഡിന് പുറത്ത് ജോലി ചെയ്തിരുന്നവരാണ്.
കൂടുതല്‍ പേര്‍ക്ക് രോഗ ബാധ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിനെ ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും മറ്റു ആശുപത്രികളില്‍ നിന്ന് അത്യാസന്ന നിലയില്‍ റഫര്‍ ചെയ്യുന്ന രോഗികളെയും മാത്രമാണ് പരിയാരത്ത് ഇപ്പോള്‍ ചികിത്സിക്കുന്നത്. മറ്റു രോഗികളുടെ വരവ് കുറഞ്ഞത് കൊവിഡ് രോഗബാധയുടെ തോത് കുറയ്ക്കുമെന്നാണ് ആശ്വാസകരം.