നീതിയില്‍ നിന്നുള്ള അകലമല്ല സാമൂഹിക അകലം

നീതിയില്‍ നിന്നുള്ള അകലമല്ല സാമൂഹിക അകലം കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ഔസേഫിന്റെ മൃതദേഹം രാത്രി വൈകിയാണെങ്കിലും സംസ്‌കരിച്ചു എന്നത് നല്ല കാര്യം. പക്ഷേ, ആ മൃതദേഹം അനിശ്ചിതത്വത്തില്‍ കിടന്ന ഓരോ നിമിഷവും നമ്മുടെ മനുഷ്യത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ശാസ്ത്ര ജ്ഞാനവും സാക്ഷരതയും സംബന്ധിച്ചുള്ള നമ്മുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി തന്നെയാണിത്.
Posted on: July 28, 2020 4:03 am | Last updated: July 28, 2020 at 1:43 am

കേരളത്തിന്റെ പൊള്ളയായ സാമൂഹിക മുഖം തകര്‍ന്നു വീഴുകയാണ്. അല്ലെങ്കിലും ഒരു രോഗാവസ്ഥയിലാണ് ഒരു ശരീരത്തിന്റെ യഥാര്‍ഥ ദൗര്‍ബല്യങ്ങള്‍ പുറത്തുവരിക. മുമ്പ് അട്ടപ്പാടിയിലും കൊല്ലത്തും എടപ്പാളിലും മറ്റും ഉണ്ടായപ്പോള്‍ ഇത്ര ചര്‍ച്ചയായില്ല. മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നപ്പോഴോ നിരവധി ഇടങ്ങളില്‍ ഭിക്ഷക്കാരെയും അതിഥി തൊഴിലാളി എന്ന് ഇപ്പോള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ഇതര സംസ്ഥാനത്തു നിന്ന് വന്ന കുടിയേറ്റ തൊഴിലാളിയെയും നാട്ടുകാര്‍ അടിച്ചു കൊന്നപ്പോഴോ ഒക്കെ അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു നമ്മുടെ വ്യാഖ്യാനവും ആശ്വാസവും. പക്ഷേ, കൊവിഡ് സമൂഹത്തെയാകെ ബാധിച്ചതോടെ ഒറ്റപ്പെട്ടതെന്ന് നാം കരുതിയിരുന്ന സ്വഭാവങ്ങള്‍ നമ്മില്‍ വ്യാപകമായുണ്ട് എന്ന തോന്നല്‍ ബലപ്പെടുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ രൂപമാണ് ഇക്കഴിഞ്ഞ ദിവസം കോട്ടയത്ത് കണ്ടത്. കൊവിഡ് ബാധിച്ചു മരിച്ച വയോധികനായ ഔസേഫ് ജോര്‍ജിന്റെ(83) മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് കോട്ടയം നഗരസഭയുടെ ശ്മശാനത്തില്‍ ഉണ്ടായ സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളുമാണ് യഥാര്‍ഥ കേരളീയമുഖം തുറന്നു കാട്ടിയത്.
കോട്ടയം ചുങ്കം സി എം എസ് കോളജിനടുത്തുള്ള നാട്ടുമാട്ടില്‍ വീട്ടിലെ ഔസേഫ് ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. മുന്‍ നഗരസഭാ ജീവനക്കാരനായ ഔസേഫ് വീണുപരുക്കേറ്റതിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലേക്കു മടക്കി. വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചു. അത്യാഹിത വിഭാഗത്തിലെത്തി പത്ത് നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു. മൈക്രോ ബയോളജി വിഭാഗം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്രവ സാമ്പിള്‍ എടുത്ത് വീണ്ടും പരിശോധനക്കയച്ചു. അപ്പോഴും ഫലം പോസിറ്റീവായി. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്.
ഇദ്ദേഹത്തിന്റെ സഭയുടെ സെമിത്തേരി ചുങ്കം സി എസ് ഐ പള്ളിയിലായിരുന്നു സംസ്‌കാരം ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സംസ്‌കാരം അവിടെ സാധ്യമല്ലെന്നു വന്നതോടെയാണ് മുട്ടമ്പലത്തുള്ള നഗരസഭയുടെ ശ്മശാനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. നഗരസഭയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നെടുത്ത ഈ തീരുമാനം പ്രദേശ വാസികളെ അറിയിച്ചില്ലെന്നായിരുന്നു അവിടെ ആദ്യം ഉയര്‍ന്ന പരാതി. ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇനി കൊവിഡ് മരണത്തിലെ മൃതദേഹങ്ങളെല്ലാം ഇവിടേക്കെത്തും എന്ന ഭീതി പടര്‍ത്തിയാണ് പ്രതിഷേധത്തീയിന് എണ്ണ പകര്‍ന്നത്. ബി ജെ പിക്കാരനായ നഗരസഭാ കൗണ്‍സിലര്‍ ടി എന്‍ ഹരികുമാര്‍ ഇവര്‍ക്കൊപ്പം നിന്നതോടെ ജനങ്ങള്‍ക്ക് കരുത്തായി. ഉച്ചക്ക് സംസ്‌കാരം നടക്കുന്നത് തടയാന്‍ അവിടേക്കു വരുന്ന പൊതുവഴി നാട്ടുകാര്‍ കൊട്ടിയടച്ചു. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി കൊവിഡ് പകരും എന്ന് പറഞ്ഞുകൊണ്ടാണ് പ്രക്ഷോഭത്തിന് ആളെ കൂട്ടിയത്. കോട്ടയത്തെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി വഴി അടച്ചത് മാറ്റിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. കൊവിഡ് നിയന്ത്രണത്തിന് നിര്‍ദേശിച്ച സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കമുള്ള ജനക്കൂട്ടം വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സി പി എം ജില്ലാ സെക്രട്ടറി വാസവനും അടക്കമുള്ളവര്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല എന്ന് വരുമ്പോള്‍ നമ്മുടെ ആള്‍ക്കൂട്ട മനസ്സിനെ സംബന്ധിച്ച് ഗഹനമായ പഠനങ്ങള്‍ വേണ്ടിവരും. ആള്‍ക്കൂട്ടത്തിനു മുന്നില്‍ സത്യമോ യുക്തിയോ ശാസ്ത്രമോ ഫലപ്രദമാകില്ല എന്ന സത്യം കേരളത്തിലും തെളിയിക്കപ്പെടുകയാണ്. വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചാല്‍ രോഗം ഒരു തരത്തിലും പകരാന്‍ സാധ്യതയില്ലെന്ന ശാസ്ത്ര സത്യം അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശേഷിയുള്ള ആരും ഇല്ലാതെ പോകുന്നു. ഇതെല്ലാം പറയാന്‍ ബാധ്യതയുള്ള നഗരസഭാ പ്രതിനിധി അശാസ്ത്രീയതക്കൊപ്പം നിന്ന് മുദ്രാവാക്യം വിളിക്കുന്നു. ഒരു ആരോഗ്യ പ്രവര്‍ത്തകനോട് ഈ മൃതദേഹം നിന്റെ വീട്ടിലേക്കു കൊണ്ടുപോടാ എന്ന് വരെ പറയാന്‍ ആ ജനപ്രതിനിധിക്ക് കരുത്ത് നല്‍കുന്നത് എന്താണ്? വില്യം റീഹ് എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ ഫാസിസത്തെക്കുറിച്ച് അതിഗഹനമായി പഠിച്ചെഴുതിയ പുസ്തകമാണ് “ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം’. എങ്ങനെയാണ് ഒരു സമൂഹത്തില്‍ ഫാസിസ്റ്റ് ആധിപത്യമുണ്ടാകുന്നതെന്നും അതിനു ചേരുന്ന വിധത്തില്‍ ആള്‍ക്കൂട്ടത്തെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലും ജനാധിപത്യം തകരുന്നതും വ്യക്തി പൂജയും വംശ മഹിമയും അന്യ മത- വംശ വിദ്വേഷവും വളരുന്നതും അഥവാ വളര്‍ത്തുന്നതും നാം കാണുന്നു.

കൊവിഡ് നമ്മെ പഠിപ്പിക്കേണ്ട ഒരുപാട് പാഠങ്ങളുണ്ട്. അതെവിടെയും എപ്പോഴും ആര്‍ക്കും വരാം എന്നതാണ് ആദ്യ വിഷയം. ഏഷ്യയില്‍ തുടങ്ങി അമേരിക്കയും യൂറോപ്പും ആഫ്രിക്കയുമെല്ലാം ഇന്നതിന്റെ കാല്‍ക്കീഴിലാക്കി ജൈത്രയാത്ര തുടരുന്നു. ജാതി, മത, വര്‍ണ, വംശ ഭേദങ്ങളൊന്നും അതിനു ബാധകമല്ല. മനുഷ്യരുടെ നിസ്സാരതയും പരിമിതികളും അത് നമ്മെ ബോധ്യപ്പെടുത്തുന്നു. അതിവേഗമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അത് വളരുന്നത്. മുമ്പ് ഒരു മാസം കൊണ്ടുണ്ടായ വളര്‍ച്ച പിന്നീട് ഒരാഴ്ച കൊണ്ടും പിന്നീട് ഒരു ദിവസം കൊണ്ടും ഉണ്ടാകുന്നു. ഈ പ്രതിഷേധം പോലും രോഗവ്യാപനത്തിനു കാരണമാകുമെന്നെങ്കിലും പാവപ്പെട്ട ആ മനുഷ്യരോട് പറയാന്‍ ജനപ്രതിനിധിക്ക് കഴിയേണ്ടതല്ലേ? നാളെ ആ ജനങ്ങളില്‍ ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ ഇതേ രീതിയില്‍ ഒരു സമീപനം ജനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ എന്താകും അവസ്ഥ എന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതല്ലേ. മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ നേരിടുന്ന യക്ഷന്റെ ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മരണത്തെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്താണ് എന്ന ചോദ്യത്തിനുള്ള മറുപടിയാണത്. എല്ലാവര്‍ക്കും ഉറപ്പാണ് തങ്ങള്‍ ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്ന്. എന്നാല്‍ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിലെ തിരക്കും വാശിയും കണ്ടാല്‍ ഇക്കാര്യം അറിയുകയേയില്ല എന്ന തോന്നലാണ് ഏറ്റവും വലിയ അത്ഭുതം.

ഈ രോഗം സംബന്ധിച്ച് സര്‍ക്കാറുകള്‍ ആവര്‍ത്തിച്ചു പറയുന്നു ആശങ്ക വേണ്ട ജാഗ്രത മതി എന്ന്. പക്ഷേ, നമ്മുടെ മാധ്യമങ്ങളില്‍ നടക്കുന്ന സംവാദങ്ങളടക്കം ആശങ്ക കുറക്കുന്നവയല്ല എന്ന് പറയേണ്ടിയിരിക്കുന്നു. കൊവിഡ് നിരീക്ഷണത്തിലുള്ള വ്യക്തികള്‍ ഒരു മുന്‍കരുതലുമില്ലാതെ ചുറ്റിക്കറങ്ങുന്നത് തെറ്റാണ്. പക്ഷേ, കൊവിഡ് ബാധിതരെ താമസിപ്പിക്കാന്‍ സര്‍ക്കാറുകള്‍ സ്ഥലം ഒരുക്കുമ്പോള്‍ സമീപവാസികള്‍ പ്രതിഷേധിക്കുന്നതെന്തിനാണ്? മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ രോഗം പകരില്ലെന്ന് നമുക്കെല്ലാം അറിയാമല്ലോ. എന്തിനേറെ ഒരു വീട്ടില്‍ നിരീക്ഷിക്കപ്പെടുന്ന ഒരു വ്യക്തി ഉണ്ടെന്നു കേട്ടാല്‍ അവരെയാകെ ബഹിഷ്‌കരിക്കുന്ന ചില ഇടങ്ങളെങ്കിലും സാക്ഷര കേരളത്തില്‍ ഉണ്ടായി. ജീവിതം മുഴുവന്‍ അന്യനാട്ടില്‍ കഴിച്ച് ഈ നാടിനെ സമ്പന്നമാക്കാന്‍ പാടുപെടുന്ന പ്രവാസികളോടും നാം ശരിയായ സമീപനമല്ല എടുത്തതെന്നു കണ്ടതാണല്ലോ. എല്ലാറ്റിനും പുറമെ ഈ മഹാമാരിക്കിടയില്‍ നിന്നുകൊണ്ട് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ പോലും കൈയുയര്‍ത്താന്‍ നമുക്കിടയില്‍ ആളുണ്ടായെങ്കില്‍ മുട്ടമ്പലം ഒറ്റപ്പെട്ട ഇടമല്ല എന്ന് കരുതേണ്ടി വരും.

ഒരു മധ്യവര്‍ഗ സമൂഹത്തിന്റെ സ്വാര്‍ഥതയും അരക്ഷിതത്വ ബോധവുമെല്ലാം ഇതിനു കാരണമായേക്കാം. പക്ഷേ, അതെല്ലാം തിരുത്താന്‍ ഈ കൊവിഡ് ബാധ നമുക്ക് സഹായകമാകണം. അതിന് നമ്മുടെ രാഷ്ട്രീയ, മത നേതാക്കള്‍ തയ്യാറാകണം. അല്ലെങ്കില്‍ കൊവിഡ് പോയാലും കേരളത്തിന്റെ മനസ്സ് രോഗാതുരമായിരിക്കും. സ്വന്തം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മതവും ജാതിയും ഉപയോഗിക്കുക എന്നത് നമ്മുടെ ഒരു അംഗീകൃത രീതിയായി മാറിയിരിക്കുന്നു. ഈ ദുരന്തകാലത്ത് പോലും അതിനൊരു മാറ്റവും വന്നിട്ടില്ലെന്നും കാണുന്നു.
രാത്രി വൈകിയാണെങ്കിലും ഔസേഫിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു എന്നത് നല്ല കാര്യം. പക്ഷേ, ആ മൃതദേഹം അനിശ്ചിതത്വത്തില്‍ കിടന്ന ഓരോ നിമിഷവും നമ്മുടെ മനുഷ്യത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ശാസ്ത്ര ജ്ഞാനവും സാക്ഷരതയും സംബന്ധിച്ചുള്ള നമ്മുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി തന്നെയാണിത്.

സി ആര്‍ നീലകണ്ഠന്‍