National
ലാലുപ്രസാദ് യാദവിന്റെ സഹായികള്‍ക്ക് കൊവിഡ്

പാട്‌ന| രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂന്ന് പരിചാരകര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കുറച്ച് ദിവസത്തിന് ശേഷം ലാലുവിന് വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച ലാലുവിന്റെയും പരിചാരകരുടെയും ശ്രവം പരിശോധിച്ചിരുന്നു. പരിശോധനഫാലത്തില്‍ ലാലുവിന് നെഗറ്റീവും പരിചാരകര്‍ക്ക് പോസിറ്റീവുമായിരുന്നു. ലാലുവിന് കൂടുതല്‍ പരിശോധന നടത്തേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പരിചാരകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ആശുപത്രിയുടെ ഗ്രൗണ്ട് ഫ്‌ലോറും കാന്റീനും അടച്ചിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ആവശ്യമെങ്കില്‍ ഉചിതമായ തീരുമാനമെടുക്കമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സ്ഥിരമായി അണുനശീകരണം നടത്തുന്ന ആശുപത്രിയില്‍ എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ലാലുവിന് ജാമ്യം അനുവദിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.