National
കരളിൽ നിന്ന് 20 സെന്റിമീറ്റർ നീളമുള്ള കത്തി നീക്കം ചെയ്ത് എയിംസ് ഡോക്ടർമാർ

ന്യൂഡൽഹി| യുവാവിന്റെ കരളിൽ നിന്ന് 20 സെന്റിമീറ്റർ നീളമുള്ള കത്തി നീക്കം ചെയ്ത് എയിംസിലെ ഒരു സംഘം ശാസ്ത്രക്രിയാ വിദഗ്ധർ. ഒന്നരമാസം മുമ്പാണ് 28 വയസ്സുള്ള യുവാവ് കത്തി വിഴുങ്ങിയത്. വിശപ്പ് കുറയുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്യുന്നതുവരെ സാധാരണ ജീവിതം തുടരുകയായിരുന്നു യുവാവ്. അതേസമയം ഡോക്ടർമാർ എക്‌സറേ റിപ്പോർട്ട് കാണിക്കുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് കുടുംബത്തിന് മനസ്സിലായിരുന്നില്ല.
കരളിൽ തറച്ച കത്തി നീക്കം ചെയ്യാനായി നടത്തിയ മൂന്ന് മണിക്കൂർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഗ്യാസ്‌ട്രോഎൻട്രോളജി വകുപ്പിലെ സർജനായ ഡോ. എൻ ആർ ദാസായിരുന്നു. ഒരു വ്യക്തി മുഴുവൻ കത്തി വിഴുങ്ങി രക്ഷപ്പെട്ട ആദ്യ സംഭവമാണിത്. സൂചി, പിൻ, മീനിനെ പിടിക്കാനുള്ള ചൂണ്ട എന്നിവയുൾപ്പെടെ മൂർച്ചയുള്ള വസ്തുക്കൾ വിഴുങ്ങുന്ന കേസുകൾ മാത്രമാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
ഹരിയാന സ്വദേശിയായ യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നു. കഞ്ചാവ് ലഭിക്കാത്തതിനെ തുടർന്നാണ് കത്തി വിഴുങ്ങിയത്. എക്‌സറേ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും കത്തി നീക്കം ചെയ്യുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ സ്ഥാനമായിരുന്നെന്നും ഡോ. ദാസ് പറഞ്ഞു.