Connect with us

National

കൊവിഡ്: അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ യു പി സർക്കാർ പിന്നോട്ട്; യോഗി ആദിത്യനാഥിന് പ്രിയങ്കാ ഗാന്ധിയുടെ കത്ത്

Published

|

Last Updated

ലഖ്‌നൗ| ഉത്തർപ്രേദശിൽ കൊവിഡ് രോഗികൾ വർധിക്കുന്നതിലും പരിശോധനകൾ കുറയുന്നതിന്റെയും സാഹചര്യത്തിൽ യു പി സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കത്ത്. രോഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പരിശോധനകൾ ഇല്ല, അതുകൊണ്ട് കൊവിഡ് ഇല്ലെന്ന് കരുതരുതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

യു പിയിൽ ഇന്നലെ 2500 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗ വ്യാപനത്തെത്തുടർന്ന് യു പിയിൽ കിടക്കകൾക്ക് ഉൾപ്പെടെ ക്ഷാമം നേരിടുന്നുണ്ടെന്നും പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടി. യു പിയിലെ ചില ക്വാറന്റൈൻ സെന്ററിൽ സ്ഥിതി വളരെ മോശമാണ്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം തെറ്റായ രീതിയിലാണ് നടക്കുന്നത്. ഇത് സർക്കാറിന്റെ വലിയ പരാജയമാണെന്നും പ്രിയങ്ക പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ല. മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി സർക്കാർ പ്രവർത്തിക്കണമെന്നും യോഗി ആദിത്യനാഥിനയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.

60,770 പേർക്കാണ് ഉത്തർപ്രദേശിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,712 പേർ രോഗമുക്തരായി. 21,711 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,298 പേർ രോഗം ബാധിച്ച് മരിച്ചു.

Latest