Gulf
കൊവിഡ് പരിശോധനാ ഫലത്തിൽ കൃത്രിമം; 102 പേരെ പ്രോസിക്യൂഷന് കൈമാറി

അബുദാബി| അബുദാബിയിൽ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നിരിക്കെ പരിശോധന ഫലത്തിൽ തിരിമറി നടത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 102 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തതായി ഫെഡറൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ ആക്ടിംഗ് ഡയറക്ടർ സാലം അൽ സആബി പറഞ്ഞു.
പരിശോധന ഫലത്തിൽ മനഃപൂർവം തിരിമറി നടത്തിയതിനാണ് വിവിധ രാജ്യക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സ്വദേശികളും, താമസക്കാരും സുരക്ഷാനടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി നടത്തിയ നിരീക്ഷണത്തിലാണ് പരിശോധന ഫലത്തിൽ കൃതൃമം കാണിച്ചതായി കണ്ടെത്തിയത്.
അബുദാബിയിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ കൊവിഡ് -19 പരീക്ഷണ ഫലം മനഃപൂർവം മാറ്റിയത്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിയമ നടപടികൾ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ അധികാരികളെടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രതിരോധ മുൻകരുതൽ നടപടികളും പൊതു ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപെട്ടു.
സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിന് കൊവിഡ് നിയമ ലംഘനം നടത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.