National
ശ്രമിക് ട്രെയിൻ വഴി 429.90 കോടി രൂപ വരുമാനം ലഭിച്ചെന്ന് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി| ശ്രമിക് ട്രെയിൻ വഴി 429.90 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങികിടന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാനായി ഓടിയ മെയ് ഒന്നു മുതലാണ് ശ്രമിക് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ജൂലൈ ഒമ്പത് വരെയുള്ള ടിക്കറ്റ് നിരക്ക് അനുസരിച്ചാണ് റെയിൽവേ 429.90 കോടി രൂപ വരുമാനമായി നേടിയത്.
2400 കോടി രൂപയാണ് ശ്രമിക് ട്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ചിലവഴിച്ചതെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നവിടങ്ങളിൽ നിന്ന യഥാക്രമം 102 കോടി, 85 കോടി, 34 കോടി രൂപ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ നിരക്ക് ശരാശരി 600 രൂപയാണെന്നും ട്രേയിൻ പ്രവർത്തിപ്പിക്കുൻ ഒരാൾക്ക് 3400 രൂപയാണ് ചിലവഴിച്ചതെന്നും മന്ത്രാലയം അറിയച്ചു. സംസ്ഥാനങ്ങളിൽ നിന്നാണ് നിരക്ക് ഈടാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മെയ് ഒന്നിനും ജൂലൈ ഒമ്പതിനും ഇടയിൽ 4496 പ്രത്യേക ട്രെയിനുകൾ ഓടിച്ചു. ഇതിൽ 6.3 ലക്ഷം ആളുകളെ സ്വന്തം നാടുകളിലേക്ക് എത്തിച്ചു. സാധാരണ സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് സൂപ്പർഫാസ്റ്റ് ചാർജായി 30 രൂപയും അധിക സാർജായി 20 രൂപയും അധിക നിരക്ക് ഈടാക്കിയിരുന്നു.