Articles
കൊവിഡ് 19: കേരളത്തിന്റെ ഗ്രാഫുയരുമ്പോള്‍

ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം 1.29 ദശലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 30,000 കവിഞ്ഞു. കേരളത്തിലും മൊത്തം കേസുകളുടെ എണ്ണം പതിനേഴായിരത്തിനോടടുക്കുന്നു. ദിനംപ്രതി കേസുകള്‍ ആയിരത്തിനു മീതെയായി. മരണം അമ്പത് കവിഞ്ഞു.
രാജ്യത്ത് ആദ്യമായി തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡിതര വാര്‍ഡിലെ രോഗികള്‍ക്കും രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഇവിടെ അടിയന്തര ചികിത്സ മാത്രമാക്കി. രോഗലക്ഷണങ്ങളില്ലാത്ത രോഗബാധിതരെ വീടുകളില്‍ തന്നെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടു തുടങ്ങി.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറവാണ്. പക്ഷേ, ദിനംപ്രതിയുള്ള കേസുകളുടെ ഗ്രാഫ് വരച്ചാല്‍ കുത്തനെ ഉയരുകയാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍. അതായത്, രോഗവ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്താനിരിക്കുന്നതേയുള്ളൂ എന്നുതന്നെ. അതുകൊണ്ട് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറവാണെന്നത് കൊണ്ട് മാത്രം നമ്മള്‍ ആശ്വസിക്കുന്നത് ഭീമമായ അബദ്ധമാണ്. അതേസമയം, ഡല്‍ഹി, ചെന്നൈ പോലുള്ള മഹാനഗരങ്ങളില്‍ ഗ്രാഫ് നിരപ്പാകുന്നതായും ഇന്‍ഫെക്ടിവിറ്റി റേറ്റ് കുറയുന്നതായും കാണാം.
കേരളത്തിലെ പ്രതിദിന കേസുകളുടെ എണ്ണം ഇരട്ടിക്കുന്നതിന് എടുത്ത ഇടവേളകള്‍ വലിയ തോതില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കും. ജൂണ്‍ അഞ്ചിന് പ്രതിദിന കേസുകള്‍ 100 ആയിരുന്നത് 200ലേക്ക് എത്താന്‍ ഒരു മാസമെടുത്തു. എന്നാല്‍ 400 ആകാന്‍ വെറും ഒരാഴ്ച മാത്രമാണ് വേണ്ടി വന്നത്. ജൂലൈ 22ന് ദിനംപ്രതി കേസുകളുടെ എണ്ണം ആയിരം കവിഞ്ഞു.
ഉറവിടം അറിയാത്ത അമ്പതിലേറെ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളുടെ എണ്ണം മാത്രം എണ്ണൂറിനടുത്താണ്. എന്നാല്‍, ഈ കണക്കുകളെല്ലാം വെറും അക്കങ്ങള്‍ മാത്രമായാണ് പൊതുസമൂഹം ഗണിക്കുന്നതെന്ന് ഉറപ്പിക്കുന്ന പ്രവൃത്തികളാണ് കേരളീയ സമൂഹം കാഴ്ചവെക്കുന്നത്. കേസുകള്‍ കൂടുന്നതിന്റെ വിപരീതാനുപാതത്തിലാണ് ആളുകളുടെ ജാഗ്രത.
കൊവിഡ് സ്ഥിരീകരിച്ച ഒരു പി ജി ഡോക്ടര്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത് കാരണം നിരീക്ഷണത്തില്‍ പോകേണ്ടിവന്നത് 40 പി ജി ഡോക്ടര്‍മാരാണ്. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിലുള്ള വീഴ്ചകളും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ടുള്ള ഒത്തുചേരലുകളും ആഘോഷങ്ങളും വൈറസ് വ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്ന് ഇനിയും ആരെയും ബോധവത്കരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ വലിയൊരു വിഭാഗം ചെറുപ്പക്കാരും അമിതമായ സുരക്ഷിതത്വബോധം പേറിനടക്കുന്നവരാണ്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ മാത്രം ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് കൊവിഡ് എന്നും എല്ലായ്‌പ്പോഴും അത് ചെറിയൊരു ജലദോഷം പോലെ വന്ന് പോകും എന്നുമുള്ള മിഥ്യാ ധാരണയുണ്ട് ഭൂരിഭാഗം ചെറുപ്പക്കാര്‍ക്കും. മറ്റു അസുഖങ്ങള്‍ ഒന്നുമില്ലാത്ത, ചെറുപ്പക്കാരായ നിരവധി പേരുടെ ജീവനപഹരിക്കാന്‍ കെല്‍പ്പുള്ള വൈറസാണ് സാര്‍സ് കൊവിഡ് 2. കണ്ണൂരിലെ ഇരുപത്തെട്ടുകാരനായ എക്‌സൈസ് ഉദ്യോഗസ്ഥനടക്കമുള്ളവരുടെ മരണങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.
രോഗലക്ഷണങ്ങള്‍ യാതൊന്നും പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതരില്‍ തന്നെ, പെട്ടെന്നുള്ള മരണത്തിന് കാരണമായേക്കാവുന്ന ഹാപ്പി ഹൈപോക്സിയ (പ്രത്യക്ഷത്തില്‍ ആരോഗ്യവാനായ വ്യക്തിയില്‍ ഓക്‌സിജന്‍ അളവ് ഗണ്യമായി കുറയുകയും അപകടാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുക), വൈറല്‍ മയോകാര്‍ഡൈറ്റിസ് (വൈറല്‍ ഇന്‍ഫെക്ഷന്‍ കാരണം ഹൃദയത്തിനുണ്ടാകുന്ന വീക്കം) എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, ആന്തരിക അവയവങ്ങളെ ബാധിക്കുന്നതുള്‍പ്പെടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അനവധിയുണ്ട് കൊവിഡിന്. അതുകൊണ്ടുതന്നെ വെറുമൊരു ജലദോഷപ്പനി പോലെ അവഗണിക്കേണ്ടതല്ല കൊവിഡ് 19. ആരോഗ്യവാനായ/ ആരോഗ്യവതിയായ വ്യക്തി ആണെന്നതുകൊണ്ട് മാത്രം കൊവിഡില്‍ നിന്നോ അതിന്റെ ആഘാതങ്ങളില്‍ നിന്നോ ആരും സുരക്ഷിതരല്ലെന്ന് അര്‍ഥം .
ഏതായാലും ഒരിക്കല്‍ കൊവിഡിനിരയാകും, എന്നാല്‍ പിന്നെ നേരത്തേ തന്നെ ആയിക്കോട്ടെ എന്ന ധാരണയില്‍ മാസ്‌ക് താടിയില്‍ കെട്ടി നടക്കുന്നവരുണ്ട്. കൊവിഡ് 19, ശാസ്ത്ര ലോകത്തിന് വെറും ഏഴ് മാസം മാത്രം പരിചയമുള്ള രോഗമാണ്. വാക്‌സിന്‍ അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങളും ചികിത്സാ രീതികളും ഇന്നുള്ളത് പോലെയാകില്ല നാളെ. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സകള്‍ ഭാവിയില്‍ വരാം. അതുകൊണ്ടുതന്നെ രോഗബാധ ഏല്‍ക്കുന്നത് എത്ര വൈകുന്നുവോ അത്രത്തോളം മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.
പലപ്പോഴും ലക്ഷണങ്ങള്‍ ഒന്നുമില്ലാതെയോ അല്ലെങ്കില്‍ ചെറിയ തോതിലുള്ള ലക്ഷണങ്ങളോടെയോ ആയിരിക്കും മിക്കവര്‍ക്കും രോഗബാധയുണ്ടാകുക; പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. ഒരു വ്യക്തി രോഗബാധിതനാണെങ്കില്‍ രോഗലക്ഷണം കാണിക്കുന്നതിന് മുമ്പുള്ള അയാളുടെ സാഹചര്യം രോഗവ്യാപനത്തിന് കൂടുതല്‍ കാരണമാകുന്നു. പ്രതിരോധ ശേഷി കുറഞ്ഞ തങ്ങളുടെ തന്നെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപായപ്പെടുത്താന്‍ ഇത് കാരണമാകുമെന്ന് അര്‍ഥം.
കൃത്യമായ മുന്‍കരുതലുകളെടുക്കാതെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിയാല്‍ വെന്റിലേറ്ററുകളും ഐ സി യുകളും ഹോസ്പിറ്റല്‍ ബെഡുകളും തികയാതെ വരും. തമിഴ്‌നാട്ടിലെ ചില മെഡിക്കല്‍ കോളജുകളിലെങ്കിലും, രോഗം ബാധിച്ച ഹൗസ് സര്‍ജന്‍മാരും റെസിഡന്റ് ഡോക്ടര്‍മാരും വാര്‍ഡിലിടമില്ലാത്തതിനാല്‍ ഹോസ്റ്റലുകളില്‍ തന്നെ ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥ നേരിട്ടറിയാം. ദേശവും ദൂരവും ഒന്നും ഒരു പ്രശ്‌നമേയല്ല വൈറസിന്. ഇന്ന് തമിഴ്‌നാടാണെങ്കില്‍ നാളെ കേരളമാകാവുന്നതേയുള്ളൂ.
കൊറോണ പടര്‍ന്ന് പിടിച്ചത് കാരണം അമേരിക്ക അത്യാസന്ന നിലയില്‍ എത്തിയതാരും മറന്നിട്ടില്ല. ലോക്ക്ഡൗണ്‍ നിര്‍ത്തലാക്കണമെന്ന് വാദിച്ചവര്‍ക്കൊപ്പമായിരുന്നു അന്ന് പ്രസിഡന്റ് ട്രംപ് നിലയുറപ്പിച്ചത്. താന്‍ മാസ്‌ക് ധരിക്കില്ലെന്നും ട്രംപ് നിലപാടെടുത്തിരുന്നു. എന്നാല്‍ ട്രംപിന് പിന്നീട് സ്വയം അത് തിരുത്തേണ്ടിവന്നു. ഇതുവരെയും യു എസിന്റെ ഒന്നാം സ്ഥാനം മറികടക്കാന്‍ മറ്റൊരു രാജ്യത്തിനും ആയിട്ടില്ല തന്നെ. സമാനരീതിയില്‍ മഹാമാരിയെ സമീപിച്ചവരാണ് ബ്രിട്ടനും സ്വീഡനും. ഇത്തരത്തില്‍ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളെ പോലും അവഗണിച്ചു തള്ളിയ വമ്പന്‍ രാജ്യങ്ങളില്‍ എത്ര ഭയാനകമായാണ് വൈറസ് രൗദ്രഭാവം പൂണ്ടതെന്നറിയാമല്ലോ. അതേസമയം, കൃത്യമായ ടെസ്റ്റിംഗിലൂടെയും ട്രേസിംഗിലൂടെയും മറ്റു പ്രതിരോധ മുന്‍കരുതലുകളിലൂടെയും വൈറസിനെതിരെ അതിജീവനം നടത്തിയ ന്യൂസിലാന്‍ഡ്, ഫിന്‍ലാന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നമുക്ക് മാതൃകയാണ്.
സാമൂഹിക അകലം, മാസ്‌ക്, സോപ്പ് എന്നിവ തന്നെയാണിനിയും നമ്മുടെ പ്രതിരോധ മാര്‍ഗം. വാട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റി പരത്തുന്ന വ്യാജ പ്രചാരണങ്ങളെയും കൊറോണക്കെതിരെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകളുണ്ടെന്ന അവകാശവാദങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്. അത്തരം പ്രചാരണങ്ങളില്‍ നിന്ന് കൂടി രണ്ട് മീറ്ററകലം പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഓക്‌സ്‌ഫോര്‍ഡ്, ചൈനീസ് വാക്‌സിനുകളുടെ ആദ്യഘട്ട ട്രയലുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന സന്തോഷ വാര്‍ത്ത ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇത് പൊതുജനത്തിന് ലഭ്യമാകാന്‍ മാസങ്ങളിനിയും വേണം. അതുവരെ, കൊറോണക്കൊപ്പമുള്ള ജീവിതം എന്നത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള മാര്‍ഗം. കൊറോണക്കൊപ്പം പഴയതു പോലെ അലക്ഷ്യമായി ജീവിക്കുക എന്നല്ല; മറിച്ച് രോഗം പിടിപെടാതെ, മതിയായ മുന്‍കരുതലുകളോട് കൂടി കൊറോണക്കൊപ്പം ജീവിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗോളതലത്തില്‍ അല്ലെങ്കില്‍, സര്‍ക്കാറുകള്‍ക്ക് കൊവിഡ് മരണങ്ങളെല്ലാം സംഖ്യകള്‍ മാത്രമാണ്. നമുക്കും അപ്രകാരം തന്നെ; ജീവന്‍ നഷ്ടപ്പെടുന്നത് നമ്മുടെ കൂട്ടത്തിലൊരാളാകുന്നതുവരെ. അതുകൊണ്ട് കരുതല്‍ ഉണ്ടായിരിക്കണമെപ്പോഴും, ജീവന്റെ വിലയുള്ള കരുതല്‍!