ട്വീറ്റ് ചെയ്യാന്‍ ഇനി പണം നല്‍കേണ്ടിവരും; വന്‍ മാറ്റത്തിന് ഒരുങ്ങി ട്വിറ്റര്‍

Posted on: July 24, 2020 9:26 pm | Last updated: July 24, 2020 at 9:26 pm

ഇനി ട്വീറ്റ് ചെയ്യണമെങ്കില്‍ ചിലപ്പോൾ പണം നൽകേണ്ടി വരും. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ സേവനങ്ങള്‍ പെയ്ഡ് സര്‍വീസാക്കാന്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരസ്യവരുമാനത്തില്‍ അടുത്തിടെയുണ്ടായ ഇടിവ് മൂലം പണമുണ്ടാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ട്വിറ്ററെന്നാണ് വിവരം. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയുള്ളതായി സിഇഒ ജാക് ഡോര്‍സി തന്നെയാണ് വെളിപ്പെടുത്തിയത്.

പരസ്യവരുമാനം ഇടിഞ്ഞതിനാല്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ട്വിറ്റര്‍ തുടക്കമിടുകയാണെന്നാണ് ഡോര്‍സി വെളിപ്പെടുത്തിയത്. ട്വിറ്ററിലെ ചില സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ പരസ്യവരുമാനത്തിന് പുറത്ത് മറ്റൊരു വരുമാന സ്രോതസ്സ് കണ്ടെത്തുകയാണ് ലക്ഷ്യം.

ഗ്രൈഫണ്‍ എന്ന സാങ്കേതിക നാമത്തില്‍ ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരസ്യദാതാക്കളില്‍ പലരും പിന്‍വാങ്ങിയതാണ് ട്വിറ്ററിനെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം രണ്ടാം പാദത്തിലുള്ള വരുമാനത്തില്‍ ട്വിറ്റര്‍ 23 ശതമാനം ഇടിവ് നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.