National
കാൺപൂരിൽ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; ഐ പി എസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

കാൺപൂർ| ഉത്തർപ്രദേശിലെ കാൺപൂരിൽ ലാബ് ടെക്‌നീഷ്യനായ 28 കാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഐ പി എസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പൊലീസിന്റെ അനുമതിയോടെ മോചന തുകയായ 30 ലക്ഷം രൂപ ഒരു സംഘം കൈപ്പറ്റിയെന്നും എന്നിട്ടും സഞ്ജീതിനെ മോചിപ്പിക്കാൻ സാധിച്ചില്ലെന്നും ആരോപിച്ച് ഇദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സഞ്ജീതിന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
30 ലക്ഷം രൂപ നൽകിയെന്നും സഞ്ജീതിനെ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് സഞ്ജീതിൻറെ കുടുംബം കാൺപൂർ പൊലീസ് മേധാവിയുടെ ഓപിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഒരു സംഘം പൊലീസുകാരാണ് തുക ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടതെന്നും ആ തുക ജൂൺ 13ന് തട്ടിക്കൊണ്ടുപോയവർക്ക് കൈമാറിയെന്നും കുടുംബം പറഞ്ഞു.
ജൂൺ 23നാണ് സഞ്ജീതിനെ കാണാതായെന്ന പരാതി കുടുംബം നൽകിയതെന്നും ഇതേക്കുറിച്ച് ജൂൺ 26ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്നുമാണ് പൊലീസിൻറെ വാദം. അടുത്ത ദിവസങ്ങളിൽ തന്ന സഞ്ജീത് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും എസ്.പി ദിനേശ് കുമാർ പറഞ്ഞു. മൃതദേഹം കണ്ടുപിടിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.