Connect with us

National

അസമിൽ 2577 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ; ഇന്ന് രണ്ട് പേർ കൂടി മരിച്ചു

Published

|

Last Updated

ഗുവാഹത്തി| അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. കൂടുതൽ പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ 26 ജില്ലകളിലായി 28 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. പ്രളയത്തിൽ ഇന്ന് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. അസം ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഇരുവരും മുങ്ങിമരിച്ചതായാണ് റിപ്പോർട്ട്.

ധമാജി, ലഖിംപൂർ, സോണിത്പൂർ, ബിശ്വനാഥ്, ദാരംഗ്, ബക്‌സ, നൽബാരി, ബാർപേട്ട, ചിരംഗ്, ബൊംഗൈഗാവ്, കൊക്രാജർ, ധുബ്രി, സൗത്ത് സൽമര, ഗോൾപാറ, കമ്രൂപ്, കമ്രുപ് , നാഗോൺ, ഗോലഘട്ട്, ജോർഹട്ട്, മജൂലി, ശിവസാഗർ, ദിബ്രുഗഡ്, ടിൻസുകിയ, വെസ്റ്റ് കാർബി ആംഗ്ലോംഗ്, കാച്ചർ എന്നീ ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്.

പ്രളയബാധിത ജില്ലകളിലെ 73 റവന്യൂകൾക്ക് കീഴിലുള്ള 2577 ഗ്രാമങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണ്. പ്രളയബാധിത മേഖലകളിലുള്ള 295 ദുരിതാശ്വാസ ക്യാമ്പുകളിൽ 48163 പേർ അഭയം തേടിയിട്ടുണ്ട്. അതേസമയം, അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് ബ്രഹ്മപുത്ര നദിയുടെയും പോഷക നദികളുടെയും ജലനിരപ്പ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗുവാഹത്തി, ജോർഹട്ട് ജില്ലയിലെ നീമാതിഘട്ട്, സോണിത്പൂർ ജില്ലയിലെ തേജ്പൂർ, ഗോൽപാറ, ധുബ്രി ജില്ലകളിൽ ബ്രഹ്മപുത്ര നദി നിലവിൽ അപകടനിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നത്.

എ.എസ്.ഡി.എം.എയുടെ കണക്കുകൾ പ്രകാരം 212 കായലുകൾ, 182 പാലങ്ങൾ, 1,720 റോഡുകൾ എന്നിവ വെള്ളപ്പൊക്കത്തിൽ തകർന്നതായാണ് റിപ്പോർട്ട്. 10 ലക്ഷത്തോളം കർഷകരുടെ കൃഷിഭൂമി വെള്ളപ്പൊക്കത്തിൽ പൂർണ്ണമായി നശിച്ചു.

ഈ വർഷത്തെ വെള്ളപ്പൊക്കം 10,531 ഗ്രാമങ്ങളെ ബാധിച്ചു. ദുരിതബാധിതരായ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഇതിനകം 75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2020-21 ബജറ്റിൽ സംസ്ഥാന സർക്കാർ 38.43 കോടി രൂപയും വെള്ളപ്പൊക്ക നാശനഷ്ടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിനുശേഷം ഞങ്ങൾ ആകെ നാശനഷ്ടങ്ങൾ വിലയിരുത്തും, അസം കൃഷി മന്ത്രി അതുൽ ബോറ പറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാലഘട്ടത്തിൽ സംസ്ഥാനത്തെ കർഷകർക്കും വലിയ നഷ്ടം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest