National
യുവതിയെയും മകളെയും കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതി അറസ്റ്റിൽ

മീററ്റ് | യുവതിയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശി പ്രിയാ ചൗധരി(32) യെയും പത്ത് വയസ്സുകാരിയെയും കൊലപ്പെടുത്തി സ്വീകരണമുറിയിൽ കുഴിച്ചിട്ട സംഭവത്തിലാണ് ഷംഷാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്ത ഇയാൾ പോലീസുകാരിൽ നിന്ന് രക്ഷപ്പെട്ട് മീററ്റിൽ തന്നെ ഒളിച്ച് കഴിയുകയായിരുന്നു. തുടർന്ന് ഒളിസങ്കേതത്തിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
2010ൽ വിവാഹമോചിതയായ പ്രിയാ ചൗധരി ഫേസ്ബുക്ക് വഴിയാണ് ഷംഷാദിനെ പരിചയപ്പെട്ടത്. മാർച്ച് 28ാം തീയതിയുണ്ടായ തർക്കത്തിനിടെ ഷംഷാദ് പ്രിയയെയും മകളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഇവരെ കാണാതായതോടെ ചഞ്ചൽ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വീകരണമുറിയിൽ കുഴിയുണ്ടാക്കി മറവുചെയ്ത നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഷംഷാദിനെ ഒട്ടേറെ തവണ ചോദ്യംചെയ്‌തെങ്കിലും കാര്യമായ സൂചനയൊന്നും ലഭിച്ചില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇതിനിടെയാണ് വീട് വിശദമായി പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്. ഇതോടെ യുവാവ് മുങ്ങുകയായിരുന്നു.
വിശദാന്വേഷണത്തിൽ പ്രതി വിവാഹിതനാണെന്ന് വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഷംഷാദിന്റെ ഭാര്യയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അമ്മയുടെ മകളുടെയും മൃതദേഹങ്ങളുടെ ഡി എൻ എ പരിശോധന നടത്തും. മീററ്റ് പോലീസ് സൂപ്രണ്ട് അഖിലേഷ് നാരായൺ സിംഗ് പറഞ്ഞു