Connect with us

Articles

ഉപഭോക്താവാണ് ഇനി രാജാവ്

Published

|

Last Updated

മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം പൊളിച്ചെഴുതിയ 2019ലെ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ രാജ്യത്ത് നിലവില്‍ വന്നു. രാഷ്ട്രപതിയുടെ അനുമതി കിട്ടി 2019 ആഗസ്റ്റ് ഒമ്പതിനായിരുന്നു ഗസറ്റ് വിജ്ഞാപനം. ലളിതമായ തര്‍ക്കപരിഹാര പ്രക്രിയക്കും കേസുകളുടെ മധ്യസ്ഥതക്കും ഈ ഫയലിംഗിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

പുതിയ നിയമത്തില്‍ എട്ട് അധ്യായങ്ങളിലായി 107 സെക്ഷനുകളാണുള്ളത്. ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെയധികം ലഘൂകരിച്ചിട്ടുണ്ട്. മായം ചേര്‍ക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കല്‍ എന്നിവക്ക് നഷ്ടപരിഹാരം നല്‍കി തടിതപ്പുന്ന കാലവും കഴിഞ്ഞു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഇനി മുതല്‍ വമ്പിച്ച പിഴയോട് കൂടി ആറ് മാസക്കാലം അഴിയുമെണ്ണേണ്ടിവരും.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി സി പി എ)യുടെ രൂപവത്കരണമാണ് പുതിയ നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥ. അന്യായമായ ഉപഭോക്തൃ ചൂഷണങ്ങള്‍ തടയുന്നതിന് സി സി പി എ ഇടപെടലുകള്‍ നടത്തും. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അതോറിറ്റിക്ക് ഉത്തരവാദിത്വമുണ്ട്. ഇതുവഴി മൊത്തം ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച് ഉപഭോക്താക്കളുടെ പണം തിരികെ നല്‍കാന്‍ അതോറിറ്റിക്ക് ഉത്തരവിടാന്‍ കഴിയും. ഡയറക്ടര്‍ ജനറലിന് കീഴില്‍ ഒരു പ്രത്യേക അന്വേഷണ സംവിധാനവും സി സി പി എക്കുണ്ടാകും.

ഉപഭോക്താവിന് താന്‍ താമസിക്കുന്ന അധികാര പരിധിയിലെ ഏറ്റവും അടുത്തുള്ള കമ്മീഷനില്‍ കേസ് കൊടുക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. പഴയ നിയമം അനുസരിച്ച് ഇത് വില്‍പ്പനക്കാരന്റെ അധികാര പരിധിയിലുള്ള കമ്മീഷനില്‍ ആയിരുന്നു നല്‍കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മറ്റു ദിക്കുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്നവര്‍ പിന്നീട് നിയമപരമായ പരിഹാര പ്രക്രിയകളിലേക്ക് പോകാറില്ലായിരുന്നു. പരാതി കൊടുക്കുന്നവര്‍ വക്കീലിനെ നിയമിക്കണമെന്ന വ്യവസ്ഥയും ഇല്ല. ഉപഭോക്താവിന് നേരിട്ട് കേസ് വാദിക്കാം. സെക്ഷന്‍ 74 അനുസരിച്ച് മധ്യസ്ഥത വഴി തര്‍ക്കപരിഹാരം നടത്തുന്നതിന് നിയമപരമായ സാധുത നല്‍കിയിട്ടുണ്ട്. പരാതികളുടെ തീര്‍പ്പിന് വേണ്ടിവരുന്ന അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിന് ഇത് സാഹചര്യമൊരുക്കും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ഉണ്ട്. എന്നാല്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്ക് ജയില്‍ വ്യവസ്ഥയില്ല. അതേസമയം, അവരും പിഴയൊടുക്കണം. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നതിന് അതോറിറ്റിക്ക് അധികാരമുണ്ട്. തുടര്‍ന്നും ഇത്തരം പരസ്യങ്ങള്‍ നിര്‍മിക്കുന്ന പക്ഷം 50 ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം തടവും അനുഭവിക്കേണ്ടിവരും.
വികലമായ ഉത്പന്നങ്ങള്‍ അല്ലെങ്കില്‍ അപര്യാപ്തമായ സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് നിര്‍മാതാക്കളെയും സേവന ദാതാക്കളെയും പിന്തിരിപ്പിക്കുന്നതിനുള്ള ഉത്പന്ന ബാധ്യതാ വ്യവസ്ഥ (Product Liability clause) യാണ് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. കേടായ ഉത്പന്നം മൂലമോ സേവനത്തിലെ അപര്യാപ്തത മൂലമോ ഉപഭോക്താവിന് ഉണ്ടാകുന്ന അപകടങ്ങള്‍ മൂലമുള്ള നഷ്ടം നികത്താന്‍ നിര്‍മാതാവിനും സേവന ദാതാവിനും വില്‍പ്പനക്കാരനും ഉത്തരവാദിത്വം ഉണ്ടാകും. പഴയ നിയമം അനുസരിച്ച് കേടായ സാധനം മാറ്റി നല്‍കുന്നതോടെ നിര്‍മാതാവിന്റെ ബാധ്യത കഴിയുമായിരുന്നു. ഇപ്പോള്‍ ഉപഭോക്താവിന് സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഉപയോഗം മൂലം നേരിട്ടോ അല്ലാതെയോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അഞ്ച് ലക്ഷം വരെ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉപഭോഗം മൂലം ഉപയോക്താവ് മരണപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പിഴ പത്ത് ലക്ഷം വരെ ആകും. ഇതിനു പുറമെ നിര്‍മാതാവിന് ജീവപര്യന്തം ജയില്‍ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്.

പുതിയ നിയമത്തില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ പേര് ഉപഭോക്തൃ കമ്മീഷന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. പഴയ നിയമത്തിലെ പോലെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കമ്മീഷനുകള്‍ പുതിയ നിയമത്തിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. ജില്ലാ കമ്മീഷനുകള്‍ ഒരു കോടി രൂപ വരെയും സംസ്ഥാന കമ്മീഷനുകള്‍ പത്ത് കോടി വരെയുമുള്ള തര്‍ക്ക പരിഹാരങ്ങള്‍ക്ക് വേദിയാകും. നേരത്തേ ഇത് യഥാക്രമം 20 ലക്ഷവും ഒരു കോടിയും ആയിരുന്നു. പത്ത് കോടിക്ക് മുകളിലുള്ള കേസുകള്‍ ദേശീയ കമ്മീഷന്‍ കേള്‍ക്കും. ജില്ലാ കമ്മീഷന്‍ വിധിച്ച നഷ്ടപരിഹാരത്തിന്റെ 50 ശതമാനം കെട്ടിവെച്ചാല്‍ മാത്രമേ എതിര്‍ കക്ഷിക്ക് സംസ്ഥാന കമ്മീഷനില്‍ അപ്പീലിന് പോകാന്‍ സാധിക്കുകയുള്ളൂ. നേരത്തേ ഇത് പരമാവധി 25,000 എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. അപ്പീല്‍ പോകാനുള്ള സമയപരിധി 45ല്‍ നിന്ന് 30 ദിവസമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ കമ്മീഷനില്‍ അപ്പീല്‍ പോകുന്നതിന് കര്‍ശനമായ വ്യവസ്ഥകളും കൊണ്ടുവന്നിട്ടുണ്ട്.

പഴയ നിയമത്തിലെ പോലെ തന്നെ സാധനങ്ങളും സേവനങ്ങളും വാങ്ങി രണ്ട് വര്‍ഷം വരെ ഉപഭോക്താവിന് പരാതി നല്‍കാം. ഓഫ് ലൈന്‍, ഓണ്‍ലൈന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, ടെലി മാര്‍ക്കറ്റിംഗ് ഇടപാട് നടത്തുന്നവരെല്ലാം ഉപഭോക്താക്കള്‍ ആണെന്ന് പുതിയ നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. നേരത്തേ ഇ കൊമേഴ്‌സ് ഉപഭോക്തൃ നിയമത്തിന്റെ പരിധിക്ക് പുറത്തായിരുന്നു.
ഉപഭോക്താക്കളുടെ പരാതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരാതി പരിഹാര വേഗത വര്‍ധിപ്പിക്കുന്നതിനുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സംവിധാനമുണ്ട്.

അന്യായമായ വ്യാപാര രീതികളെ സംബന്ധിച്ചോ വികലമായ ചരക്കുകളെയോ സേവനങ്ങളെയോ സംബന്ധിച്ചോ അമിതമായ വഞ്ചനാപരമായ വിലയെ കുറിച്ചോ ജീവനും സ്വത്തിനും അപകടകരമായേക്കാവുന്ന ചരക്കുകളെയോ സേവനങ്ങളെയോ സംബന്ധിച്ചോ ഒരു ഉപഭോക്താവിന് പരാതി നല്‍കാം.

നിയമപ്രകാരമുള്ള ഉപഭോക്തൃ അവകാശങ്ങള്‍ ഇനി പറയുന്നവയാണ്.

1. ജീവനും സ്വത്തിനും അപകടകരമായ സാധനങ്ങളും സേവനങ്ങളും വിപണനം ചെയ്യപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം.
2. സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ്, ഗുണനിലവാരം, ഫലപ്രാപ്തി, പരിശുദ്ധി, വില എന്നിവയെ കുറിച്ച് അറിയാനുള്ള അവകാശം.
3. സാധനങ്ങളും സേവനങ്ങളും തിരഞ്ഞെടുക്കാനുള്ള അവകാശം.
4. ഉചിതമായ കമ്മീഷനുകളില്‍ ഉപഭോക്തൃ പരാതികള്‍ കേള്‍ക്കാനുള്ള അവകാശം.
5. അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ക്കെതിരെ പരിഹാരം തേടാനുള്ള അവകാശം.
6. ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം.
ചുരുക്കത്തില്‍ ഉപഭോക്തൃ രംഗത്ത് വലിയ ഒരു മുന്നേറ്റമാണ് പുതിയ നിയമത്തിലൂടെ കൈവന്നിട്ടുള്ളത്. നിയമത്തിലെ മുഴുവന്‍ വകുപ്പുകളും നോട്ടിഫൈ ചെയ്യുന്ന മുറക്ക് നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിക്കും.

(കുന്ദമംഗലം ഗവ. ആർട്സ് ആന്‍ഡ് സയന്‍സ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

Latest