National
രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തില്‍ സച്ചിന് താത്കാലിക ആശ്വാസം

ന്യൂഡല്‍ഹി | രാജസ്ഥാനില്‍ മുന്‍ ഉപമുഖ്യമന്ത്രി
സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എം എല്‍ എമാരെ അയോഗ്യരാക്കുന്നതിനായുള്ള സ്പീക്കറുടെ നീക്കത്തിന് താത്കാലിക തിരിച്ചടി. സച്ചിന് അടക്കമുള്ളവരെ അയോഗ്യരാക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അന്തിമ വിധി വരുന്നതുവരെ എം എല്‍ എമാര്‍ക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാറിനെ കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റ് അനുകൂലികളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് സച്ചിന്‍ പൈലറ്റ് അനുകൂലികളുടെ പുതിയ അപേക്ഷ അംഗീകരിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ എം എല്‍ എമാരെ അയോഗ്യരാക്കുന്നതില്‍ ഒരു ഉത്തരവ് കോടതിയില്‍ നിന്ന് ഉണ്ടാകാന്‍ വൈകുമെന്ന് വ്യക്തമായി.
സച്ചിനടക്കമുള്ള 19 എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയോഗ പ്രാകരം അയോഗ്യരാക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കര്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
വിമത എം എല്‍ എമാര്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹരജിയില്‍ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.