Connect with us

Kerala

പാലത്തായി പീഡനം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി | പാലത്തായി പീഡന കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കെ പോക്‌സോ ഒഴിവാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരയായ പെണ്‍കുട്ടിയുടെ മൊഴിയും മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കുന്ന സ്ഥിതിയുണ്ടായി. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തതിനാല്‍ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല. എന്നാല്‍ പോക്‌സോ ഒഴിവാക്കിയതോടെ കേസ് പോക്‌സോ കോടതിക്ക് കേള്‍ക്കാനായില്ല. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

രാഷ്ട്രീയ സ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ട്. അതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വെച്ച് വിചാരണ നടത്തേണ്ടതുണ്ടെന്നും അഡ്വ മുഹമ്മദ് ഷാ, അഡ്വ സൂരജ്, അഡ്വ ജനൈസ് എന്നിവര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.