Kerala
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജാരാക്കാന്‍ എന്‍ഐഎ നിര്‍ദേശം. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് മാസത്തെ ദൃശ്യങ്ങള്‍ നല്‍കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നതിനിടയിലാണ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിലാണ് ശിവശങ്കറിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഓഫീസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ പലവട്ടം സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് എന്‍ഐഎക്ക് ലഭിച്ച വിവരം.
അതേസമയം, ഇടിമിന്നലില്‍ സെക്രട്ടേറിയറ്റിലെ സിസിടിവി നശിച്ചതിനാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ തുക അനുവദിച്ച് അഡീഷണല്‍ സെക്രട്ടറി പി ഹണി ഉത്തരവിറക്കിയിരുന്നു. സിസിടിവി നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന എട്ട് പോര്‍ട്ട് പിഒഇ നെറ്റ് വര്‍ക്ക് സ്വീച്ച് ഇടമിന്നല്‍ മൂലം കേടായതായാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവരാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് ഈ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.