National
ഡൽഹിയിൽ കനത്തമഴ തുടരുന്നു; വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

ന്യൂഡൽഹി| ഡൽഹിയിലെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണെന്നും തലസ്ഥാനത്തെ താപനില 28 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായും റിപ്പോർട്ട്. ഡൽഹിയിലും ഹരിയാനയുടെ ചില ഭാഗങ്ങളിലും ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
ഡൽഹി, ഹിസാൻ, ഹൻസി, ഭിവാനി, ജിന്ദ്, മെഹാം, കൈതാൽ, ഗോഹാന, ഗന്നൗർ, സോണിപത്, ബാഗ് പത്, മീററ്റ്, മഹേന്ദർഗഡ്, കോസ്ലി, ഫാറൂഖ് നഗർ,
ഗുരുഗ്രാം, പാനിപ്പറ്റ്, റോഹ്തക്, ഷ ജാർ, കർനാൽ, കുരുക്ഷേത്ര എന്നിവിടങ്ങളിൽ അടുത്ത് രണ്ട് മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബീഹാർ, ജാർഖണ്ഡ്, ഉപ ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
ബീഹാറിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന്റെ സാഹചര്യത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലും ഉപ ഹിമാലയൻ പശ്ചിമ ബംഗാളിലും സിക്കിമിലും മണ്ണിടിച്ചിലിനെതിരെയും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി.
ബീഹാർ, വിദർഭ, ജാർഖണ്ഡ്, ഹരിയാന, ചണ്ഡിഗണ്ഡ്, ദൽഹി, പശ്ചിമ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മേഘാലയ, വടക്കൻ ഒഡീഷ എന്നിവിടങ്ങളിൽ മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന് വ്യക്തമാക്കി.