Connect with us

National

ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവിനോട് തര്‍ക്കിച്ച യുവാവിന്റെ തലമുണ്ഡനം ചെയ്ത് പോലീസ്

Published

|

Last Updated

ഗോദാവരി | ആന്ധ്രാ പ്രദേശില്‍ ദളിത് യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിക്കുകയും തല മുണ്ഡനവും ചെയ്തു. പ്രാദേശിക വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാവിനാണ് ദുരനുഭവം. സംഭവം വിവാദമായതിനെ തുടര്‍ന്ന് എസ് ഐയെയും കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഈസ്റ്റ് ഗോദാവരി ജില്ലയിലെ സീതാനഗരം പോലീസ് സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. വെഡുള്ളപ്പള്ളി സ്വദേശി വര പ്രസാദ് എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇദ്ദേഹത്തെ രാജമുണ്ട്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്ത് മരണമുണ്ടായതിനാല്‍ അതുവഴി കടന്നുപോകുന്ന മണല്‍ ലോറികള്‍ പ്രസാദും കൂട്ടുകാരും തടഞ്ഞിരുന്നു. സംസ്‌കാരം കഴിഞ്ഞ് ലോറികള്‍ പോയാല്‍ മതിയെന്ന് ഇവര്‍ പറഞ്ഞു.

എന്നാല്‍ മണല്‍ ലോറികള്‍ തടഞ്ഞതിനെ ചോദ്യം ചെയ്ത് പ്രാദേശിക വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് എത്തി. ഇത് തര്‍ക്കത്തിന് കാരണമായി. തിങ്കളാഴ്ച സീതാനഗരം എസ് ഐ ശെയ്ക് ഫിറോസ് ഷാ എത്തി പ്രസാദിനെയും മറ്റ് രണ്ട് പേരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എസ് ഐ ബെല്‍റ്റ് കൊണ്ട് പ്രസാദിനെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ശേഷം ഒരു ബാര്‍ബറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രസാദിന്റെ തല മുണ്ഡനം ചെയ്യുകയും താടി വടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Latest