Connect with us

National

രാജസ്ഥാനിലെ മുന്‍ രാജകുടുംബത്തിന്റെ ഏറ്റുമുട്ടല്‍ കൊലപാതകം; 11 പോലീസുകാര്‍ കുറ്റക്കാര്‍

Published

|

Last Updated

ഭരത്പൂര്‍ | രാജസ്ഥാനിലെ മുന്‍ രാജകുടുംബം രാജാ മാന്‍സിംഗിനെ ഏറ്റുമുട്ടലിലൂടെ വധിച്ച കേസില്‍ 11 പോലീസുകാരും കുറ്റക്കാര്‍. മഥുരയിലെ പ്രത്യേക സി ബി ഐ കോടതിയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. 35 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവം.

രാജസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. 1985 ഫെബ്രുവരി 21നാണ് രാജാ മാന്‍സിംഗ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഭരത്പൂര്‍ രാജകുടുംബാംഗവും ദീഗ് മണ്ഡലത്തിലെ സ്വതന്ത്ര എം എല്‍ എ യുമായിരുന്നു അദ്ദേഹം. 1985ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയിലാണ് രാജാ മാന്‍ സിംഗും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ദീഗ് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനിറങ്ങിയ രാജാ മാന്‍ സിംഗിനെതിരെ ആ തവണ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിംഗിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്. ഫെബ്രുവരി 20ന് മുഖ്യമന്ത്രി ശിവ്ചരണ്‍ മാഥൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തി.

എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ കൊടികളും തോരണങ്ങളും നശിപ്പിച്ച വിവരമറിഞ്ഞ രാജാ മാന്‍ സിംഗ് കുപിതനായി. പകരം ചോദിക്കാനായി മുഖ്യമന്ത്രി പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ യോഗസ്ഥലത്തേക്ക് ജീപ്പില്‍ പുറപ്പെട്ടു. അരിശം മൂത്ത രാജാ മാന്‍ സിംഗ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. സംഘര്‍ഷം ഉടലെടുത്തതോടെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ നശിപ്പിച്ചതില്‍ പോലീസ് കേസെടുത്തു. ഇക്കാര്യമറിഞ്ഞ രാജാ മാന്‍ സിംഗ് പിറ്റേദിവസം രണ്ട് കൂട്ടാളികളോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ പോയി. ഇതിനിടെയാണ് ഡി വൈ എസ് പി കാന്‍സിംഗ് ഭാട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ രാജാ മാന്‍ സിംഗും കൂട്ടാളികളായ രണ്ട് പേരും കൊല്ലപ്പെട്ടു.

പ്രതിഷേധം കത്തിപ്പടരുകയും വിവാദം കൊടുമ്പിരി കൊള്ളുകയും ചെയ്തതോടെ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ശിവ്ചരണ്‍ മാഥൂറിന് രാജിവെക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ രാജിയോടെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് താത്കാലിക ശമനമായെങ്കിലും നിയമയുദ്ധം തുടര്‍ന്നു. കേസ് സി ബി ഐ ഏറ്റെടുത്തു. രാജാ മാന്‍ സിംഗിന്റെ മകള്‍ കൃഷ്‌ണേന്ദ കൗര്‍ ദീപയുടെ ഹരജി പരിഗണിച്ച് സുപ്രീം കോടതി കേസിന്റെ വാദം രാജസ്ഥാനില്‍ നിന്ന് മഥുരയിലേക്ക് മാറ്റി. ഒടുവില്‍ 1700ലേറെ തവണ വാദം കേട്ട്, 35 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.