Connect with us

Editorial

ജാഗ്രതയാണ് രക്ഷ; ജീവന്റെ വിലയുള്ള ജാഗ്രത

Published

|

Last Updated

രാജ്യത്താദ്യമായി കൊവിഡ് സമൂഹ വ്യാപനം സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ തീരദേശ മേഖലകളായ പൂന്തുറയും പുല്ലുവിളയുമാണ് സമൂഹ വ്യാപനം നടന്ന പ്രദേശങ്ങളായി നിര്‍ണയിച്ചിട്ടുള്ളത്. മള്‍ട്ടി ക്ലസ്റ്ററുകള്‍ ഉണ്ടാകുകയും എവിടെ നിന്നാണ് രോഗം കിട്ടിയതെന്ന് നിര്‍ണയിക്കാനാകാത്ത അവസ്ഥയുമാണ് സമൂഹ വ്യാപനം. ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ ഉറവിടം തേടുന്നതില്‍ അര്‍ഥമുണ്ടാകില്ല. രോഗിയുടെ റൂട്ട് മാപ്പ് എടുക്കുക പോലുള്ള പതിവ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നതിലും കാര്യമില്ല. സമൂഹ വ്യാപനം സംഭവിച്ച ഇടങ്ങളില്‍ എവിടെ നിന്നും രോഗം പടരാമെന്നതാണ് സ്ഥിതി. അതുകൊണ്ട് ഇത്തരം പ്രദേശങ്ങള്‍ക്ക് മാത്രമായി പ്രത്യേക പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ചെയ്യുക. സമ്പര്‍ക്കത്തില്‍ വരുന്നത് പരമാവധി ഒഴിവാക്കാനായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക തന്നെയാണ് പ്രധാന പ്രതിരോധം. ഇതിനോട് സഹകരിക്കുകയും എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സമ്പര്‍ക്കം പരമാവധി കുറക്കാന്‍ ജാഗരൂകരാകുകയും മാത്രമാണ് പോംവഴി. സര്‍ക്കാറിനെ പഴിച്ചതുകൊണ്ടോ ആരോഗ്യ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതുകൊണ്ടോ ആരെങ്കിലും ഇളക്കി വിടുന്നത് കേട്ട് തെരുവിലിറങ്ങിയതുകൊണ്ടോ ഒരു കാര്യവുമില്ല. അസാധാരണമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും. അവ പരിഹരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. പൊതു ജനങ്ങള്‍ ക്ഷമാപൂര്‍വം സഹകരിക്കുകയും വേണം.

സ്ഥിതി അത്യന്തം രൂക്ഷമാണെങ്കില്‍ സംസ്ഥാനത്താകെ സമൂഹ വ്യാപനം നടന്നതായി പ്രഖ്യാപിക്കാമല്ലോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഇതിന് സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെപ്പോലുള്ള വിദഗ്ധര്‍ നല്‍കുന്ന മറുപടി പ്രസക്തമാണ്. സാങ്കേതികമായി, എല്ലായിടത്തും സമൂഹ വ്യാപനം സംഭവിച്ചുവെന്ന് പറയാനാകില്ല. കാരണം അവിടെ സോഴ്‌സ് ട്രേസിംഗിനും റൂട്ട് മാപ്പ് തയ്യാറാക്കലിനുമൊക്കെ ഇപ്പോഴും പ്രസക്തിയുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതെങ്ങനെയെന്ന അന്വേഷണവും വേണ്ടി വരും. എന്നാല്‍ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ സമൂഹ വ്യാപനം സംഭവിച്ചുവെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. പ്രായോഗിക വശം അതാണ്. എവിടെ നിന്നും ആരില്‍ നിന്നും രോഗം പകരാമെന്ന് തന്നെയാണ് കാണേണ്ടത്. എന്റെ നാട്ടില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലല്ലോ എന്ന് കരുതി വിഡ്ഢിത്തത്തിലേക്ക് പുറപ്പെടരുത്.

കേരളത്തില്‍ രോഗ വ്യാപനത്തിന്റെ ഗതി നോക്കിയാല്‍ തന്നെ മനസ്സിലാകും എത്രമാത്രം സങ്കീര്‍ണമാണ് സ്ഥിതിയെന്ന്. ഒന്നാം ഘട്ടത്തില്‍ വുഹാനില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധയുണ്ടായിരുന്നത്. അവരെ നമുക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിച്ചു. രണ്ടാം ഘട്ടത്തില്‍ 496 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരിച്ചു. 165 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം കിട്ടിയത്. മെയ് നാല് മുതല്‍ ആരംഭിച്ച മൂന്നാം ഘട്ടത്തില്‍ കാര്യങ്ങളാകെ മാറി. 11,659 ആയി രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇതില്‍ 4,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്നോര്‍ക്കണം. മരണം 40ല്‍ എത്തി. എന്താണ് ഇതിന് അര്‍ഥം? രോഗത്തിന്റെ വ്യാപനം അതിവേഗം സംഭവിക്കുന്നു. ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു. 60 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം വരുന്നു. രാജ്യത്തിനാകെ മാതൃകയായ നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാനാകാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും രോഗികളാകുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.

ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ പ്രതിരോധ നടപടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തെ പോലെ ജനനിബിഡമായ പ്രദേശത്തിന് സ്വീകരിക്കാവുന്ന നിരവധി മാതൃകകള്‍ പുറത്തുണ്ട്. പരിശോധന വ്യാപകമാക്കിയേ തീരൂ. രോഗ ലക്ഷണമില്ലാത്ത രോഗികള്‍ നിറയുമ്പോള്‍ പരിശോധനയില്ലാതെ എങ്ങനെ രോഗികളെ കണ്ടെത്തും? രോഗികളുടെ എണ്ണം ഈ നിലയില്‍ വര്‍ധിച്ചാല്‍ ആശുപത്രികളുടെ മേല്‍ സമ്മര്‍ദമേറുമെന്നുറപ്പാണ്. അപ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരും. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സേവനം ഫലപ്രദമായി ഉപയോഗിക്കണം. കേരളം ഇതുവരെ തുടര്‍ന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാതെ വന്നാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാണുന്നതു പോലെ പ്രതിദിന മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഘട്ടത്തിലെങ്കിലും അവകാശവാദങ്ങളും അനാവശ്യ വിമര്‍ശങ്ങളും ഒഴിവാക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആനന്ദിക്കുന്ന തരത്തിലുള്ള അധമ രാഷ്ട്രീയം ആരും വെച്ചുപുലര്‍ത്തരുത്. കണക്കുകള്‍ പെരുപ്പിക്കുകയാണെന്ന തരത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയുമരുത്. രോഗികളെയും ബന്ധുക്കളെയും ഒറ്റപ്പെടുത്തുന്ന പരിപാടി ഈ സന്ദിഗ്ധ ഘട്ടത്തിലെങ്കിലും നിര്‍ത്തണം. “ഇന്ന് ഞാന്‍, നാളെ നീ” എന്നത് അക്ഷരാര്‍ഥത്തില്‍ പുലരുകയാണ്. ബ്രേക്ക് ദി ചെയിന്‍ കരുതല്‍ പുതിയ രീതിയില്‍ പാലിക്കാന്‍ ഓരോരുത്തരും തയ്യാറാകണം. വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തുമ്പോള്‍ വീടുകളില്‍ മറ്റംഗങ്ങള്‍, പ്രത്യേകിച്ച് അപകട സാധ്യതയുള്ള വിഭാഗത്തിലുള്ളവരുണ്ടെങ്കില്‍ മാസ്‌ക് ധരിക്കാനും ശരീര ദൂരം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ഗാര്‍ഹിക സമ്പര്‍ക്ക വിലക്കും സംരക്ഷണ സമ്പര്‍ക്ക വിലക്കും പഴുതുകളില്ലാതെ നടപ്പാക്കാനും ശ്രദ്ധിക്കണം. കേരളം ആര്‍ജിച്ച വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയുടെ കരുത്ത് ഇത്തരം ഘട്ടങ്ങളിലാണ് കാണേണ്ടത്. പേടിച്ച് മാനസികാരോഗ്യം കളയുന്നവരാകരുത് നമ്മള്‍. നേരിടാനുള്ള കരുത്തും ബുദ്ധിയും പുറത്തെടുക്കണം. ഓരോരുത്തരുടെയും ജാഗ്രത കൊണ്ട് മാത്രമേ ഇനി രക്ഷയുള്ളൂ, ജീവന്റെ വിലയുള്ള ജാഗ്രത.

---- facebook comment plugin here -----

Latest