Kerala
കിണര്‍ നിര്‍മാണത്തിനിടെ തോട്ട പൊട്ടി തൊഴിലാളിയുടെ കൈയറ്റു

പത്തനംതിട്ട | കിണറ്റിലെ പാറപൊട്ടിക്കാന്‍ വേണ്ടി തയ്യാറാക്കിയ തോട്ട പൊട്ടി നാല് പേര്‍ക്ക് പരുക്ക്. ഒരാളുടെ കൈ അറ്റുപോയി. വള്ളിക്കോട് പഞ്ചായത്തിലെ വയലാവടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപം പുതിയതായി നിര്‍മിക്കുന്ന വീടിനോട് ചേര്‍ന്നാണ് സംഭവം.
കോന്നി വട്ടക്കാവ് സ്വദേശി സിറാജിന്റെ കൈ ആണ് അറ്റത്. കൂടെയുണ്ടായിരുന്ന അങ്ങാടിക്കല്‍ സ്വദേശി ഓമനക്കുട്ടന്‍, വള്ളിക്കോട് സ്വദേശികളായ ദീപക്, കുഞ്ഞുമോന്‍ എന്നിവര്‍ക്കും പരുക്കുണ്ട്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റിലെ പാറ പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞയറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഏഴ് പേരാണ് ഇവിടെ ജോലിക്ക് ഉണ്ടായിരുന്നത്. തോട്ട കത്തിച്ച് കിണറ്റിലേക്ക് ഇടാന്‍ ശ്രമിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ കൈയിലിരുന്ന് പൊട്ടിത്തെറിച്ചത്.
കിണര്‍ കുത്തിയപ്പോള്‍ പാറ ആയതിനാല്‍ അത് ഉപേക്ഷിച്ച് കുഴല്‍ക്കിണര്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ അതിനിടെ വീണ്ടും കിണറ്റിലെ പാറ പൊട്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് പാറ പൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ വാര്‍ഡ് മെമ്പറോട് പരാതി പറഞ്ഞിരുന്നു. നാട്ടുകാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പാറപൊട്ടിക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പഞ്ചായത്തംഗം ലേഖ ജയകുമാര്‍ പറഞ്ഞു. ഇത് ലംഘിച്ചാണ് ഞായറാഴ്ച വീണ്ടും പാറപൊട്ടിക്കാന്‍ ശ്രമം നടന്നത്.