പെനല്‍റ്റി നഷ്ടപ്പെടുത്തിയ സെനഗല്‍ താരത്തിന് നേരെ വംശീയ ആക്രമണം

Posted on: July 19, 2020 6:07 pm | Last updated: July 19, 2020 at 6:07 pm

മാഞ്ചസ്റ്റര്‍ | ഇംഗ്ലണ്ടില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ ബ്രിസ്റ്റള്‍ സിറ്റി സ്‌ട്രൈക്കര്‍ ഫമാര ദീദ്യോവിന് നേരെ സൈബറിടത്തില്‍ വലിയ വംശീയാക്രമണം. ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാം നിര ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലായിരുന്നു സെനഗല്‍ താരം പെനല്‍റ്റി നഷ്ടപ്പെടുത്തിയത്.

പെനല്‍റ്റി നഷ്ടപ്പെട്ടതോടെ പ്രീമിയര്‍ ലീഗില്‍ എത്താനുള്ള സാധ്യതയാണ് ബ്രിസ്റ്റളിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയത്. സ്വാന്‍സീ എന്ന എതിര്‍ ടീമിനോട് 1- 0 എന്ന സ്‌കോറിലാണ് ബ്രിസ്റ്റള്‍ പരാജയപ്പെട്ടത്. ഒരു ട്വിറ്റര്‍ ഉപയോക്താവ് അയച്ച വാഴപ്പഴ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ടോടെ ‘എന്തിന്?’ എന്ന് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പോസ്റ്റ് നീക്കം ചെയ്യാന്‍ പോലീസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം തന്നെ കറുത്ത വംശജരായ താരങ്ങള്‍ക്കെതിരെ ഇംഗ്ലണ്ടില്‍ വംശീയാക്രമണം നടന്നിട്ടുണ്ട്. ക്രിസ്റ്റല്‍ പാലസിന്റെ വില്‍ഫ്രഡ് സാഹക്കും ഷെഫീല്‍ഡ് യുനൈറ്റഡിന്റെ ഡേവിഡ് മക്‌ഗോള്‍ഡ്രികിനും ഓണ്‍ലൈനില്‍ വംശീയാക്രമണം നേരിട്ടിരുന്നു.