Connect with us

Covid19

രാജ്യത്ത് സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞു; സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം: ഐ എം എ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). കൊവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാവുന്നതെന്നും രോഗികളുടെ എണ്ണത്തിലെ പ്രതിദിന വര്‍ധന 30,000 വരെയായിട്ടുണ്ടെന്നും ഐ എം എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. വി കെ മോംഗയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“രാജ്യത്തെ സ്ഥിതിഗതികള്‍ മോശമാണ്. ഇത് വ്യക്തമാക്കുന്ന നിരവധി വസ്തുതകളുണ്ടെങ്കിലും വൈറസ് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നതാണ് ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. ഇത് മോശം സൂചനയാണ്. സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞതായാണ് ഇത് കാണിക്കുന്നത്.”- മോംഗ പറഞ്ഞു. നഗര-ഗ്രാമങ്ങളിലേക്ക് രോഗം പരക്കുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കുക വളരെ പ്രയാസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ രോഗ വ്യാപനം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ ഹോട്ട് സ്‌പോട്ടുകളായ മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിള്‍ സ്ഥിതി ഗൗരവതരമാണ്. സംസ്ഥാന സര്‍ക്കാറുകള്‍ അതീവ ജാഗ്രതയോടെയുള്ള നടപടികള്‍ സ്വീകരിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം തേടുകയും വേണം. മോംഗ കൂട്ടിച്ചേര്‍ത്തു.