മക്കയില്‍ സുരക്ഷ ശക്തമാക്കി; ഞായറാഴ്ച മുതല്‍ പ്രവേശന വിലക്ക്

Posted on: July 18, 2020 11:02 pm | Last updated: July 18, 2020 at 11:02 pm

ദമാം | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ മക്കയിലേക്കുള്ള പ്രവേശന വിലക്ക് ആരംഭിക്കും. ഹജ്ജ് തസ്‌രീഹ് (അനുമതി പത്രം) ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ വര്‍ഷം വളരെ മുമ്പ് തന്നെ മക്കയില്‍ സുരക്ഷ ശക്തമാക്കിയത്.

അനുമതിയില്ലാതെ മക്കയിലേക്ക് വരുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുക. വിദേശികളെ പിടികൂടിയാല്‍ നാടുകടത്തുകയും ചെയ്യും. ആഗോള വ്യാപകമായി കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം സഊദിയില്‍ നിന്നുള്ള പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജ് അനുമതിയുള്ളത്.

അതിനിടെ, രാജ്യത്ത് ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം ചെയ്തു. ദുല്‍ഖഅദ് മാസം 29 ആയ ജൂലൈ 20ന് തിങ്കളാഴ്ച അസ്തമയ ശേഷം ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനാണ് രാജ്യത്തെ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തത്.