National
കോവിഡ് വ്യാപനം; യു പി സർക്കാറിനെതിരെ ആരോപണവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി| കോവിഡ് വ്യാപനം കൈകാര്യം ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധ്ര. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കാതെ സുതാര്യമായ നയങ്ങൾ സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട ടെസ്റ്റുകളിലും, സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും യു പി സർക്കാർ പരാജയപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി അവകാശ വാദങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെ അവരുടെ അവകാശവാദങ്ങൾ വെളിച്ചത്ത് വരുന്നുണ്ട്. പ്രിയങ്ക ഗാന്ധി ട്വീറ്റിൽ കുറിച്ചു. യുപിയിൽ കൊറോണ വൈറസ് വൻതോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് പകരം സർക്കാർ സുതാര്യമായ നയങ്ങളാണ് സ്വീകരിക്കേണ്ടത്. മൂന്ന് മാസത്തെ ലോക്ഡൗൺ കേസുകളുടെ എണ്ണം കുറയുമെന്ന് യു പി സർക്കാർ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ജൂലൈയിൽ 25 ജില്ലകളിൽ കൊറോണ വൈറസ് കേസുകൾ കുത്തനെ വർധിച്ചിട്ടുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു.
യു പിയിലെ മൂന്ന് ജില്ലകളിൽ കൊവിഡ് 19 കേസുകളിൽ 200 ശതമാനത്തിലധികം ഉയർന്നു. മൂന്ന് ജില്ലകളിൽ 400 ശതമാനവും ഒരു ജില്ലയിൽ 1000 ശതമാനത്തിന് മുകളിലുമാണെന്ന് പ്രിയങ്ക പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 48 മണിക്കൂറിനുള്ളിൽ 70 ശതമാനം കൊവിഡ് ബാധിതർ മരിച്ചു. ഞങ്ങൾ ഇതിനെ ഞങ്ങൾ ഇതിനെ ഭയപ്പെട്ടിരുന്നു, അതിനാൽ തുടക്കത്തിൽ തന്നെ ഞങ്ങൾ യുപി മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി, ഈ സാഹചര്യത്തിൽ ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുകയും പരമാവധി പരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്തു, അവർ പറഞ്ഞു.
പരിശോധനയിൽ ശ്രദ്ധക്കുറവ്, റിപ്പോർട്ടുകൾ നൽകുന്നതിൽ കാലതാമസം, കോൺടാക്റ്റ് ട്രേസിംഗ് എന്നിവ ശരിയായി ചെയ്യാത്തതിനാലാണ് രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇക്കാര്യങ്ങളിൽ യുപി സർക്കാരിന് ഉത്തരമില്ലെന്നും അവർ പറഞ്ഞു.