Gulf
ഹോപ് കുതിക്കുന്നത് തിങ്കൾ പുലർച്ചെ

ദുബൈ | ചൊവ്വാ ഗ്രഹത്തിലേക്ക് യു എ ഇയുടെ ഹോപ് പേടക വിക്ഷേപണം ജൂലൈ 20 ന് പുലർച്ചെ 1:58ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം രണ്ട് തവണ വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നു. ചൊവ്വാദൗത്യം 2020 ജൂലൈ 20ന് ആരംഭിക്കും.
എമിറേറ്റ്‌സ് ബഹിരാകാശ ഏജൻസിയും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും അറിയിച്ചതായി ദുബൈ മീഡിയ ഓഫിസ് ട്വീറ്റ് ചെയ്തു.
അറബ് ലോകത്തെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് അമൽ അഥവാ ഹോപ്. ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.
പൂർണമായും യു എ ഇ ശാസ്ത്രജ്ഞർ നിർമിച്ച പേടകമാണിത്. വിക്ഷേപണ ദിവസം ഇനി മാറാൻ ഇടയില്ലെന്നു പറയാനാകില്ലെന്ന് റോക്കറ്റ് ദാതാവായ മിത്‌സുബിഷി ഹെവി ഇൻഡസ്ട്രീസ് വ്യക്തമാക്കി.
കാലാവസ്ഥയെ ആശ്രയിച്ച് മാറ്റിവയ്ക്കാൻ നേരിയ സാധ്യതയുണ്ട്. ആഗസ്റ്റ് 13 വരെ കമ്പനി തയാറെടുപ്പു നടത്തിയിട്ടുണ്ട്. ജപ്പാനിൽ കനത്ത മഴയാണിപ്പോൾ. തെക്കൻ ദ്വീപായ ക്യുഷുവിൽ വെള്ളപ്പൊക്കമുണ്ടായി.
യുഎഇ രൂപീകരിച്ച് 50 വർഷം തികക്കുന്ന 2021 ൽ ഫെബ്രുവരിയിൽ പേടകം ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷ.
ചൊവ്വയിലെ അന്തരീക്ഷം, കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നതിനു പേടകം മൂന്ന് ഉപകരണങ്ങൾ വഹിക്കുന്നു. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ചുവന്ന ഗ്രഹത്തെ ചുറ്റാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.