Connect with us

Kerala

സ്വര്‍ണക്കടത്ത്: രണ്ടുപേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കോഴിക്കോട് | സ്വര്‍ണക്കടത്തു കേസില്‍ രണ്ടുപേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മാനിപുരം സ്വദേശി കൈവേലിക്കല്‍ കെ വി മുഹമ്മദ് അബ്ദു ഷമീം (24), മീഞ്ചന്ത വട്ടക്കിണര്‍ സ്വദേശി കോങ്കണിപ്പറമ്പ് ജാസ് മന്‍സിലില്‍ ജിഫ്‌സല്‍ (39), എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ എരഞ്ഞിക്കല്‍ സ്വദേശി സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയ അരക്കിണര്‍ ഹെസാ ജ്വല്ലറി ഷമീമിന്റെയും ജിഫ്‌സലിന്റെയും പാര്‍ട്ണര്‍ഷിപ്പിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. ജ്വല്ലറിയുടെ നേതൃത്വത്തില്‍ നിരവധി പേരെ പങ്കാളികളാക്കി ചിട്ടിയും ഇവര്‍ നടത്തുന്നുണ്ട്.

ഹെസാ ജ്വല്ലറിയില്‍ വില്‍പ്പനക്കു വച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. മതിയായ രേഖകളില്ലെന്ന് വ്യക്തമായതോടെയാണിത്. ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങള്‍ക്ക് 3.7 കിലോഗ്രാം തൂക്കമുണ്ട്. ഇതുവരെ ആഭരണങ്ങള്‍ വിറ്റതിന്റെ രേഖകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് വിശദമായി മൊഴിയെടുത്തശേഷം ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.