National
രാജസ്ഥാനില്‍ സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജയ്പൂര്‍ | രാജസ്ഥാനില്‍ കൂറുമാറ്റ നിരോധനം ചൂണ്ടിക്കാട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും 17 എം എല്‍ എമാരും സമര്‍പ്പിച്ച ഹരജി ഇന്ന് ഉച്ചക്ക് ഹൈക്കോടതി പരിഗണിക്കും. ഇന്നലെ ഉച്ചക്കും വൈകിട്ടും ഹരജി കോടതി പരിഗണനക്ക് എടുത്തിരുന്നു. എന്നാല്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് സച്ചിന്‍ പൈലറ്റിനും കൂട്ടാളികള്‍ക്കുമതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം സ്പീക്കര്‍ അയോഗ്യത നോട്ടീസ് നല്‍കിയത്. നോട്ടീസ് മറുപടി നല്‍കാനുള്ള സമയം ഇന്നവസാനിക്കും.
രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായം ബി ജെ പിയില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ ഇതിനോട് വിയോജിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം നല്‍കാനാവില്ലെന്ന നിലപാടില്‍ വസുന്ധരയും അനുയായികളും ഉറച്ച് നില്‍ക്കുന്നതാണ് ബി ജെ പി നേതൃത്വത്തെ കുഴക്കുന്നത്. അതിനിടെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാറിനെ രക്ഷിക്കാന്‍ വസുന്ധര ഇടപ്പെട്ടതായും ആരോപണം ഉയര്‍ന്നിട്ടഉണ്ട്. കോണ്‍ഗ്രസ് എം എല്‍ എമാരോട് ഗെഹ്ലോട്ടിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ വസുന്ധര ആവശ്യപ്പെട്ടെന്ന് എന്‍ ഡി എ ഘടകക്ഷിയുടെ നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.