Connect with us

National

ബാല ലൈംഗിക റാക്കറ്റ് കേസിലെ മുഖ്യ പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം 

Published

|

Last Updated

പ്യാരെ മിയാന്ർറെ ഉടമസ്ഥതയിലുള്ള അനധികൃത കെട്ടിടം പോലീസ് പൊളിക്കുന്നു

ഭോപ്പാൽ | സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ബാല ലൈംഗിക റാക്കറ്റ് കേസിലെ മുഖ്യ പ്രതിയെ പിടികൂടാൻ ഭോപ്പാൽ പോലീസ് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) രൂപവത്കരിച്ചു. അറ് വ്യത്യസ്ത പോലീസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ, രണ്ട് ഡെപ്യൂട്ടി എസ് പിമാർ, അഡീഷനൽ എസ് പി എന്നിവരാണ് സംഘത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ഇവർ വിശദമായി പരിശോധിക്കും. പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലാണ് പ്രദേശിക പത്രാധിപരായ പ്യാരേ മിയാനെ(68)തിരെ ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, പ്രധാന പ്രതിയായ പ്യാരെ മിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഡാൻസ് ഫ്‌ളോറും ലക്ഷക്കണക്കിന് രൂപയുടെ മദ്യവും കണ്ടെത്തി. കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഭോപ്പാലിലെ പഴയ നഗരപ്രദേശത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടവും ഷംല ഹിൽസ് ഏരിയയിലെ അൻസൽ അപ്പാർട്ട്‌മെന്റിലെ ഒരു ഫ്ലാറ്റും പോലീസ് ഇന്നലെ തകർത്തിരുന്നു. ഫ്ലാറ്റിൽ നിരവധി തവണ പാർട്ടികൾ നടന്നതായി പോലീസ് കസ്റ്റിയിലുള്ള ഇയാളുടെ സെക്രട്ടറി വെളിപ്പെടുത്തിയതിനെ തുടർന്നാണിത്.

ഇരയായ പെൺകുട്ടികളിൽ പലരെയും പ്യാരെ മിയാൻ ദുബൈ, തായ്‌ലാൻഡ്, സ്വിറ്റ്‌സർലന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയതായും പോലീസ് കണ്ടെത്തി. ഞായറാഴ്ച മദ്യപിച്ച നിലയിൽ രതിബാദ് പ്രദേശത്ത് പെൺകുട്ടികൾ ചുറ്റിത്തിരിയുന്നതായി വിവരം ലഭിച്ച പോലീസ് ഇവരെ സ്റ്റേഷനിലെത്തിക്കുകയും മിയക്കും സഹായി സ്വീറ്റി വിശ്വകർമക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.

ഗാർഹിക-ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടികളെ ഭോപ്പാലിലെ ഗൗർവിയിലാണ് താമസിപ്പിച്ചിട്ടുള്ളത്. സംസ്ഥാന ശിശു കമ്മീഷൻ സംഘാംഗങ്ങൾ ഇന്നലെ അവരെ സന്ദർശിച്ചിരുന്നതായി അധികൃതർ പറഞ്ഞു. രതിബാദ് പോലീസ് സ്‌റ്റേഷനിലെത്തി മിയാൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇരകൾ വെളിപ്പെടുത്തി.

ബലാത്സംഗം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് ഭോപ്പാൽ റേഞ്ച് അഡീഷനൽ ഡയറക്ടർ ജനറൽ (എ ഡി ജി പി) ഉപേന്ദ്ര ജെയിൻ പറഞ്ഞു. അതേസമയം, പത്രപ്രവർത്തകനെന്ന നിലയിലുള്ള മിയാന്ർറെ ഔദ്യോഗിക അംഗീകാരം സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് റദ്ദാക്കി.

Latest