പെരുന്നാളിന്  ജാഗ്രത വേണം: കാന്തപുരം

Posted on: July 14, 2020 10:05 pm | Last updated: July 15, 2020 at 8:03 am

കോഴിക്കോട്  |കൊവിഡ്‌ രോഗികള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  ബലിപെരുന്നാളിനും അതോടനുബന്ധിച്ചുള്ള ഉളുഹിയ്യത്തിനും (ബലിമൃഗത്തെ അറുക്കല്‍) ജാഗ്രത കൈവിടരുതെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ബലിപെരുന്നാളും ഉളുഹിയ്യത്തും വിശ്വാസിക്ക്  ഏറെ പ്രാധാന്യമുള്ളതാണ്. അതീവ ജാഗ്രതയോടെയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി  പാലിച്ചുമാണ്  അത് നടത്തേണ്ടത്.

ആരോഗ്യ സുരക്ഷക്ക് മികച്ച പരിഗണന നല്‍കണം. പെരുന്നാള്‍ നിസ്‌കാരത്തിന് കുട്ടികളും പ്രായംകൂടിയവരും പള്ളിയിലേക്ക് പോകരുത്. അവര്‍ വീടുകളില്‍ വെച്ച് നിസ്‌കരിക്കുക. ഉളുഹിയ്യത് നടക്കുന്ന സ്ഥലങ്ങളിലും മാംസ വിതരണത്തിലും ആളുകള്‍ കൂട്ടം ഒഴിവാക്കണം.
കൊവിഡ്‌ രോഗികള്‍ ഇനിയും വര്‍ദ്ധിച്ചാല്‍ വല്ലാതെ പ്രയാസപ്പെടുമെന്ന സര്‍ക്കാറിന്റെ  മുന്നറിയിപ്പ് മുഖവിലക്കെടുക്കണം.

സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കാന്‍ അധികൃതരോടൊപ്പം ജനങ്ങളും പൂര്‍ണമായി സഹകരിച്ചേ മതിയാവൂ. രാഷ്ട്രീയ സംവാദങ്ങള്ളും സമരങ്ങളും  ജനാധിപത്യത്തിന്റെ  മാര്‍ഗ്ഗം തന്നെയാണ്.  പക്ഷെ കൊവിഡിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളെ അത് ഒരിക്കലും ബാധിക്കരുതെന്ന് കാന്തപുരം ഓര്‍മിപ്പിച്ചു.