രാജ്യത്ത് കൊവിഡ് വ്യാപനം ഉയര്‍ന്നു തന്നെ: തമിഴ്‌നാട്ടില്‍ മരണം 2000 പിന്നിട്ടു; മഹാരാഷ്ട്രയില്‍ 6500 ഓളം പുതിയ രോഗികള്‍

Posted on: July 13, 2020 11:13 pm | Last updated: July 14, 2020 at 7:10 am

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അത്യധികം ആശങ്കാജനകമായ അവസ്ഥയിലേക്ക്. ഏറ്റവും പുതിയ കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ 4328 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 66 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2032 ആയി. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 6 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്സ്ഥിരീകരിച്ചു

അതേ സമയം കര്‍ണാടകത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബംഗ്‌ളുരുവിലാണ് കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നത്. കര്‍ണാടകത്തില്‍ ഇന്ന് 2738 രോഗികളാണുള്ളത്. ഇതില്‍ 1315 രോഗികള്‍ ബംഗളുരുവില്‍ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 41,581 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 24,572 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 73 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണസംഖ്യ 757 ആയി ഉയര്‍ന്നു.

അതേ സമയം  മഹാരാഷ്ട്രയില്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 6,497 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 193 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതര്‍ 2,60,924 ലേക്ക് എത്തി. 10,482 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്ര പ്രദേശില്‍ 1935 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ മരിച്ചു. ആകെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ 31,103 ആയി. ആകെ മരണം 365 ആയി.