കരസേനാ മേധാവി ഇന്ത്യ-പാക് അതിർത്തിയിൽ സന്ദർശനം നടത്തി

Posted on: July 13, 2020 4:16 pm | Last updated: July 13, 2020 at 4:16 pm

ന്യൂഡൽഹി| കരസേനാ മേധാവി ജനറൽ എം എം നരവാനെ ഇന്ന് ഇന്ത്യ-പാക് അതിർത്തിയിൽ സന്ദർശനം നടത്തി. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇദ്ദേഹം ജമ്മുകശ്മീരിലെത്തിയത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനും സൈനികരുടെ പ്രവർത്തന തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാനുമാണ് നരവാനെ സന്ദർശനം നടത്തിയത്.

അതിർത്തിയിലെ ടൈഗർ ഡിവിഷനിലും ചോപ്പറിലും അദ്ദേഹം സന്ദർശനം നടത്തി. സൈനിക വിന്യാസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവ വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.

ഇന്ത്യ-ചൈന സംഘർഷവേളയിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇതു കൂടാതെ അതിർത്തിക്ക് സമീപത്തെ ലോഞ്ച് പാഡുകളിൽ ഭീകരവാദികൾ എത്തിയതായി സൈന്യത്തിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇവരെ നേരിടുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയാണ് കരസേന മേധാവിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.